കോൺഗ്രസിൽ നിന്നും ഇനിയും കൂടുതൽ പേർ ബിജെപിയിൽ എത്തുമെന്ന് പറയുകയാണ് പദ്മജ വേണുഗോപാൽ. വൺ ഇന്ത്യ മലയാളത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് പത്മജയുടെ പ്രതികരണം വന്നത്.തൃശൂരിലെ പരാജയ കാരണങ്ങൾ സംബന്ധിച്ച കോൺഗ്രസിന്റെ അന്വേഷണ റിപ്പോർട്ട് പോലും ഇതുവരെ പുറത്തുവന്നിട്ടില്ല.കാരണം റിപ്പോർട്ട് പുറത്തുവരില്ലെന്നത് മനസിലായത് ടിഎൻ പ്രതാപന്റെ ഇന്നത്തെ പ്രസ്താവന കണ്ടപ്പോഴാണ് (തൃശ്ശൂരിലെ പരാജയം ചര്‍ച്ചചെയ്യുമ്പോള്‍ പാര്‍ട്ടിയുടെ വീഴ്ച മാത്രമല്ല സ്ഥാനാര്‍ഥിയുടെ വീഴ്ചകൂടി ചര്‍ച്ചചെയ്യണമെന്ന് ടിഎൻ പ്രതാപൻ പറഞ്ഞതായി റിപ്പോർട്ട് ഉണ്ടായിരുന്നു). അത് എവിടെയെങ്കിലും ഉള്ളിൽ പോയിട്ടുണ്ടാകും. ഇനി അത് പുറത്തുവരുമെന്ന് കരുതുന്നും ഇല്ല. ഇവിടെ ചിലരുടെ കൈയ്യിലാണല്ലോ പാർട്ടി അധികാരം. അതുകൊണ്ട് സത്യസന്ധമായ റിപ്പോർട്ട് വരുമോയെന്നതൊന്നും അറിയില്ല.കോൺഗ്രസിൽ ആർക്കാണ് കോൺഗ്രസിനോട് സ്നേഹമുള്ളത്? എന്റെ അച്ഛൻ ഒരുപാട് സ്നേഹിച്ച മണ്ണാണിത്. അവിടെയല്ലേ കോൺഗ്രസുകാർ എന്നെ തോൽപ്പിച്ചത്. പിന്നെ അവർക്ക് എന്നെ ചോദ്യം ചെയ്യാൻ എന്താണ് അവകാശം.
മറ്റൊന്ന് വിമർശനങ്ങൾ പറയുന്നവർക്ക് എന്ത് വേണമെങ്കിലും പറയാം. അതിനൊന്നും മറുപടിയില്ല. കോൺഗ്രസുകാരെ ഞാൻ അത്രമാത്രം വെറുത്തിട്ടാണ് അവിടെ നിന്ന് ഇറങ്ങി പോന്നത്. അവർ എന്നെ അത്രമാത്രം ഉപദ്രവിച്ചിട്ടുണ്ട്. അത് അവിടുത്തെ പല കോൺഗ്രസുകാരും രഹസ്യമായി പറയുന്നുമുണ്ട്. പല കോൺഗ്രസുകാരും എന്നെ വിളിച്ചിട്ടുണ്ട്. അവർക്ക് പലതും എന്നോട് പറയാനുണ്ട്.കേരളം ഞെട്ടുന്ന തരത്തിൽ നേതാക്കൾ വന്നേക്കാം.സമയത്തിന്റെ കാര്യത്തിൽ ഞാൻ ഒന്നും പറയുന്നില്ല. പക്ഷെ പല മാറ്റങ്ങളും ഉണ്ടാകും. വെപ്രാളമെടുത്തിട്ട് കാര്യമില്ല, കാര്യങ്ങൾ സമയമെടുത്തേ നടക്കൂ.