‘ഇന്ത്യയുടേത് ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ മനോഹരമായ ഭരണഘട’; മന്ത്രി സജി ചെറിയാന്റെ പ്രസംഗം വിവാദത്തില്‍

ഭരണഘടക്കെതിരെ വിവാദ പരാമര്‍ശവുമായി മന്ത്രി സജി ചെറിയാന്‍. രാജ്യത്തെ ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ മനോഹരമായ ഭരണഘടനയാണ് ഇന്ത്യയുടേതെന്ന് മന്ത്രി പറഞ്ഞു. ആര് പ്രസംഗിച്ചാലും അത് മികച്ചതാണെന്ന് താന്‍ സമ്മതിക്കില്ല. മതേതരത്വം, ജനാധിപത്യം എന്നിവ എഴുതിവച്ചിട്ടാല്ലാതെ മറ്റൊന്നും ഭരണഘടനയിലില്ല. ബ്രിട്ടീഷുകാര്‍ പറയുന്നതിനനുസരിച്ച് ചിലര്‍ എഴുതിയതാണ് ഇന്ത്യന്‍ ഭരണഘടനയെന്നും മന്ത്രി വിമര്‍ശിച്ചു.

മനോഹരമായ ഭരണഘടനയാണ് ഇന്ത്യയില്‍ എഴുതിവച്ചിട്ടുള്ളതെന്ന് നമ്മളെല്ലാം പറയും. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് എഴുതിവച്ചിരിക്കുന്നതെന്ന് താന്‍ പറയും. ബ്രിട്ടീഷുകാര്‍ തയാറാക്കിക്കൊടുത്തൊരു ഭരണഘടന ഇന്ത്യക്കാര്‍ എഴുതിവച്ചു. അത് ഈ രാജ്യത്ത് 75 വര്‍ഷമായി നടപ്പാക്കുന്നു. മതേതരത്വം, ജനാധിപത്യം, കുന്തവും കൊടച്ചക്രവുമൊക്കെ അതിന്റെ മൂലയില്‍ എഴുതിവച്ചിട്ടുണ്ട്. പക്ഷെ, കൃത്യമായി കൊള്ളയടിക്കാന്‍ പറ്റിയതാണെന്നും സജി ചെറിയാന്‍ പറഞ്ഞു.

തൊഴിലാളികളുടെ സമരം അംഗീകരിക്കാത്ത നാടാണ് ഇന്ത്യ. 1957ല്‍ ഇവിടെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ആദ്യം തീരുമാനിച്ച കാര്യം തൊഴില്‍ നിയമങ്ങള്‍ സംരക്ഷിക്കണം, തൊഴില്‍ നിയമങ്ങള്‍ നടപ്പാക്കണമെന്നായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഞായറാഴ്ച പത്തനംതിട്ട മല്ലപ്പള്ളിയില്‍ നടന്ന സി.പി.ഐ.എം പരിപാടിയിലാണ് മന്ത്രിയുടെ പരാമര്‍ശം. പ്രതിവാര രാഷ്ട്രീയ നിരീക്ഷണം എന്ന പേരില്‍ മല്ലപ്പള്ളി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഫേസ്ബുക്ക് രാഷ്ട്രീയ വിശകലന പരിപാടി നൂറു ലക്കം പിന്നിട്ടതിന്റെ ആഘോഷ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു സജി ചെറിയാന്‍.

അതേസമയം, മന്ത്രിക്കെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മന്ത്രി രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആവശ്യപ്പെട്ടു. അംബേദ്കര്‍ ഉള്‍പ്പടെയുള്ളവരെയാണ് മന്ത്രി അപമാനിച്ചത്. ഭരണഘടനാ ശില്‍പികളെ അപകീര്‍ത്തിപ്പെടുത്തി. എവിടെ നിന്നാണ് ഇദ്ദേഹത്തിന് ഈ വിവരങ്ങളൊക്കെ കിട്ടിയതെന്ന് സതീശന്‍ ചോദിച്ചു.
ഇത്തരത്തില്‍ പരാമര്‍ശം നടത്തിയ മന്ത്രി ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാന്‍ പാടില്ല. തുടര്‍ന്നാല്‍ നിയമപരമായ വഴികള്‍ നേരിടും. ജനാധിപത്യത്തേയും മതേതരത്വത്തേയും അദ്ദേഹത്തിന് പുച്ഛമാണെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി സജി ചെറിയാന്‍ രാജിവയ്ക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരനും ആവശ്യപ്പെട്ടു. രാജ്യത്തോട് കൂറ് കാണിക്കാത്തവര്‍ക്ക് ഇവിടെ നില്‍ക്കാന്‍ എന്ത് അവകാശം. പരാമര്‍ശം നടത്തിയ സജി ചെറിയാന്‍ സ്വയം രാജിവച്ചു പോകണം. ഇല്ലെങ്കില്‍ പുറത്താക്കണമെന്നും കെ. സുധാകരന്‍ പറഞ്ഞു. സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സജി ചെറിയാനോട് വിശദീകരണം തേടിയിട്ടുണ്ട്.