ഓപ്പോയ്ക്കും വണ്‍പ്ലസിനും നോക്കിയയുടെ എട്ടിന്റെ പണി; ജര്‍മനിയില്‍ ഇരു ബ്രാന്‍ഡുകളുടെയും വില്‍പനയ്ക്ക് വിലക്ക്

ചൈനീസ് മൊബൈല്‍ ബ്രാന്‍ഡുകളായ ഓപ്പോയ്ക്കും വണ്‍പ്ലസിനും നോക്കിയയുടെ എട്ടിന്റെ പണി. ഫിന്‍ലെന്‍ഡ് കമ്പനിയായ നോക്കിയ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നുണ്ടായ കോടതി ഉത്തരവില്‍ ജര്‍മനിയില്‍ ഇരു ബ്രാന്‍ഡുകളുടെയും വില്‍പന തടഞ്ഞു. നോക്കിയയുടെ പേരിലുള്ള വിവിധ പേന്റന്റുകളാണ് ഈ പ്രശ്നത്തിന്റെ മൂല കാരണം.

നോക്കിയയുടെ പേരില്‍ പേന്റന്റുള്ള 5ജി സാങ്കേതികവിദ്യ തങ്ങളുടെ അനുവാദം കൂടാതെ ബിബികെ ഗ്രൂപ്പിന് കീഴിലുള്ള ഓപ്പോയും വണ്‍പ്ലസും ഉപയോഗിച്ചെന്നാണ് നോക്കിയയുടെ ഹര്‍ജി. ഹര്‍ജിയെ തുടര്‍ന്ന് നോക്കിയക്ക് ലൈസന്‍സ് ഫീസ് നല്‍കാത്തപക്ഷം ജര്‍മനിയില്‍ ഓപ്പോയുടെയും വണ്‍പ്ലസിന്റെയും വില്‍പന അനുവദിക്കാന്‍ പറ്റില്ലെന്ന് മ്യൂണിച്ച് 1 കോടതി ഉത്തരവിടുകയായിരുന്നു. ഓഗസ്റ്റ് അഞ്ചു മുതല്‍ വില്‍പ്പന വിലക്ക് പ്രാബല്യത്തില്‍ വന്നു.

വിലക്കിനെ തുടര്‍ന്ന് ഓപ്പോയുടെയും വണ്‍പ്ലസിന്റെയും ജര്‍മനിയിലെ വെബ്സൈറ്റുകളില്‍ നിന്ന് ഫോണുകള്‍ പിന്‍വലിച്ചിരിക്കുകയാണ്. എന്നാല്‍ ഓപ്പോ, വണ്‍പ്ലസ് ഫോണുകള്‍ ഇനിയും ഉപയോഗിക്കുന്നതിന് തടസമില്ലെന്നും സര്‍വീസും കൃത്യമായ സുരക്ഷാ അപ്ഡേറ്റുകള്‍ ഇനിയും ലഭിക്കുമെന്നും ഇരു ബ്രാന്‍ഡുകളും വ്യക്തമാക്കിയിട്ടുണ്ട്.