ഗര്‍ഭഛിദ്രം സ്ത്രീകളുടെ അവകാശമാണെന്ന് സുപ്രിംകോടതിയുടെ നിര്‍ണായക ഉത്തരവ്. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റേതാണ് ഉത്തരവ്. സമ്മതമില്ലാതെ ഭര്‍ത്താവ് നടത്തുന്ന ലൈംഗിക ബന്ധവും ബലാത്സംഗമാണെന്നും കോടതി ചൂണ്ടിക്കാട്ടി. അവിവാഹിതരായ സ്ത്രീകള്‍ക്ക് മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രെഗ്‌നന്‍സി ആക്ട് പ്രകാരം ഗര്‍ഭഛിദ്രത്തിന് അവകാശമുണ്ടെന്നും കോടതി വിധിച്ചു.
വിവാഹിതരായ സ്ത്രീകള്‍ക്ക് ഗര്‍ഭഛിദ്രം നടത്താന്‍ ഭര്‍ത്താവിന്റെ അനുമതി ആവശ്യമില്ലെന്ന് നേരത്തെ കേരള ഹൈക്കോടതിയും വിധിച്ചിരുന്നു. ഭര്‍ത്താവിന്റെ പീഡനം കാരണം ഭര്‍തൃഗൃഹം വിട്ട കോട്ടയം സ്വദേശിയായ 26കാരിയായ യുവതിക്ക് ഗര്‍ഭഛിദ്രം നടത്താന്‍ അനുമതി നല്‍കിക്കൊണ്ട് ജസ്റ്റിസ് വി.ജി. അരുണ്‍ പുറപ്പെടുവിച്ച ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കോട്ടയം മെഡിക്കല്‍ കോളേജിലോ മറ്റേതെങ്കിലും സര്‍ക്കാര്‍ ആശുപത്രിയിലോ അബോര്‍ഷന്‍ നടത്താനാണ് അനുമതി നല്‍കിയിരിക്കുന്നത്. ഗര്‍ഭാവസ്ഥയില്‍ തുടരുന്നത് യുവതിയുടെ മാനസികാവസ്ഥ മോശമാക്കുമെന്ന മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ടിന്റെ കൂടി അടിസ്ഥാനത്തിലായിരുന്നു ഹൈക്കോടതി ഉത്തരവ്.