പ്രവാചകനിന്ദ; നുപൂര്‍ ശര്‍മ രാജ്യത്തോട് മാപ്പ് പറയണമെന്ന് സുപ്രിംകോടതി

പ്രവാചകനിന്ദ നടത്തിയ ബി.ജെ.പി മുന്‍ വക്താവ് നുപൂര്‍ ശര്‍മ രാജ്യത്തോട് മാപ്പ് പറയണമെന്ന് സുപ്രിംകോടതി. നുപൂറിന്റെ പരാമര്‍ശം രാജ്യത്ത് കലാപം സൃഷ്ടിച്ചെന്ന് സുപ്രിംകോടതി വിലയിരുത്തി. ഉദയ്പൂര്‍ കൊലപാതകം നടന്നത് പോലും നുപൂറിന്റെ പ്രസ്താവന കാരണമാണെന്ന് കോടതി വിലയിരുത്തി.

നുപൂര്‍ ശര്‍മ ചാനല്‍ ചര്‍ച്ചക്കിടെ നടത്തിയ പ്രവാചകനിന്ദയ്‌ക്കെതിരെ അന്തര്‍ ദേശീയതലത്തില്‍ തന്നെ പ്രതിഷേധമുയര്‍ന്നിരുന്നു. ഗ്യാന്‍വാപി പള്ളി വിഷയത്തിലെ ചര്‍ച്ചയ്ക്കിടെയായിരുന്നു സംഭവം. നുപൂര്‍ ശര്‍മയെയും മറ്റൊരു വക്താവ് നവീന്‍ കുമാര്‍ ജിന്‍ഡാലിനെയും ബി.ജെ.പി പിന്നീട് സസ്‌പെന്‍ഡ് ചെയ്തു. മുംബൈ പൊലീസും ഹൈദരാബാദ് പൊലീസും നുപൂര്‍ ശര്‍മയ്ക്കെതിരെ സമുദായങ്ങള്‍ക്കിടയില്‍ വിദ്വേഷം വളര്‍ത്തിയതിനും മതവികാരം വ്രണപ്പെടുത്തിയതിനും കേസെടുത്തിരുന്നു.

രാജസ്ഥാനിലെ ഉദയ്പൂരില്‍ തയ്യല്‍ക്കാരനെ രണ്ട് പേര്‍ ചേര്‍ന്ന് തലയറുത്ത് കൊന്നത് രാജ്യത്തെ ഞെട്ടിച്ചിരുന്നു. നുപൂര്‍ ശര്‍മയെ അനുകൂലിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടതിന്റെ പേരില്‍ കനയ്യ ലാല്‍ എന്നയാളെയാണ് രണ്ട് പേര്‍ തലയറുത്ത് കൊന്നത്. ഇതിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ എന്‍ഐഎ അന്വേഷണം പുരോഗമമിക്കുകയാണ്.