
കൊച്ചി: വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനും പോരാട്ടത്തിനും ഒടുവില്‍ സ്വവര്‍ഗ അനുരാഗികളായ നൂറയും നസ്‌റിനും വിവാഹിതരായി. ഒരുമിച്ച് ജീവിതം ആരംഭിച്ചതായി തങ്ങളുടെ ഇന്‍സ്റ്റഗ്രാം അക്കൌണ്ടിലൂടെ ഇവര്‍ അറിയിച്ചു.
‘എന്നെന്നേക്കുമായുള്ള നേട്ടം സ്വന്തമാക്കി’ എന്ന അടിക്കുറിപ്പോടെയാണ് ഇരുവരും തങ്ങളുടെ ചിത്രങ്ങള്‍ പങ്കുവെച്ചത്.വിവാഹവസ്ത്രങ്ങളണിഞ്ഞ് പരസ്പരം വിവാഹമാലയണിഞ്ഞും മോതിരം കൈമാറിയും കേക്ക് മുറിക്കുന്നതുമായി ചിത്രങ്ങളാണ് ഇവര്‍ പങ്കുവച്ചിരിക്കുന്നത്.
സ്വവര്‍ഗ ദമ്പതികള്‍ക്ക് ആശംസകള്‍ നേര്‍ന്ന് നിരവധി പേരാണ് എത്തുന്നത്. അതേസമയം വലിയ വിവാദങ്ങള്‍ സൃഷ്ടിച്ച പ്രണയമായിരുന്നു നൂറയുടെയും നസ്‌റിന്റെയും. സൗദിയില്‍ പ്ലസ് ടു ക്ലാസ്സില്‍ ഒന്നിച്ച് പഠിക്കുന്നതിനിടെയാണ് നസ്‌റിനും നൂറയും പ്രണയത്തിലാകുന്നത്.
എന്നാല്‍ ഇരുവരുടെയും പ്രണയം വീട്ടുകാര്‍ അറിഞ്ഞതോടെ എതിര്‍പ്പ് ഉയര്‍ന്നു. ഇതോടെ ഇരുവരെയും ഇവരുടെ ബന്ധുക്കള്‍ അകറ്റി. എന്നാല്‍ ഉപരിപഠനത്തിനായി ഇരുവരും നാട്ടിലേക്ക് എത്തി.
ബിരുദത്തിന് ശേഷം ഇരുവരും ഒന്നിച്ച് ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതോടെ ഇവരുടെ ബന്ധുക്കള്‍ എതിര്‍പ്പുമായി എത്തി. പിന്നാലെ നൂറയെ ഇവരുടെ ബന്ധുക്കള്‍ വീട്ടുതടങ്കലിലാക്കി.
തുടര്‍ന്ന് കൂട്ടുകാരിയായ ഫാത്തിമ നൂറയ്‌ക്കൊപ്പം ജീവിക്കാന്‍ അനുമതി തേടി ആദില നസ്‌റിന്‍ ഹൈക്കോടതിയില്‍ ഹേബിയസ് ഹര്‍ജി നല്‍കി. ഫാത്തിമ നൂറയെ വീട്ടുതടങ്കലില്‍ നിന്നും മോചിപ്പിച്ച് ഒന്നിച്ച് ജീവിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പട്ടായിരുന്നു ആദില നസ്‌റിന്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി സമര്‍പ്പിച്ചിരുന്നത്.
ഹൈക്കോടതി ഹര്‍ജി പരിഗണിക്കുകയും ഫാത്തിമ നൂറയെ കോടതിയില്‍ ഹാജരാക്കാന്‍ ഉത്തരവിടുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഫാത്തിമ നൂറയുടെ ഇഷ്ടപ്രകാരം ഇരുവരേയും ഒന്നിച്ചു ജീവിക്കാന്‍ കോടതി അനുവദിച്ചിരുന്നു.
പ്രായപൂര്‍ത്തിയായവര്‍ക്ക് ഒന്നിച്ചു ജീവിക്കാന്‍ വിലക്കില്ലെന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു കോടതിയുടെ ഉത്തരവ്. പിന്നാലെയായിരുന്നു ഇരുവരുടെയും വിവാഹം.
View this post on Instagram