തുറമുഖം എന്റെ പോക്കറ്റിലല്ല ഇരിക്കുന്നത് ; വിദ്യാര്‍ഥിയുടെ ചോദ്യത്തിന് നിവിന്‍ പോളി കൊടുത്ത മറുപടി

രാജീവ് രവി സംവിധാനം ചെയ്ത് നിവിന്‍ പോളി നായകനായ ചിത്രമാണ് തുറമുഖം. കെ എം ചിദംബരന്റെ തുറമുഖം എന്ന നാടകത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. നിവിനെ കൂടാതെ നിമിഷ സജയന്‍ ,ബിജു മേനോന്‍, ഇന്ദ്രജിത്ത്, അര്‍ജ്ജുന്‍ അശോകന്‍,പൂര്‍ണിമ ഇന്ദ്രജിത്ത്, മണികണ്ഠന്‍ ആചാരി ദര്‍ശന രാജേന്ദ്രന്‍, സുദേവ് നായര്‍ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തില്‍ ഉള്ളത്. എന്നാല്‍ ചിത്രത്തിന്റെ റിലീസ് വൈകുന്നത് ആരാധകരെ വിഷമത്തില്‍ ആക്കിയിരിക്കുകയാണ്.

ഇപ്പോള്‍ അതിന്റെ കാരണം ആണ് നിവിന്‍ പോളി പറയുന്നത്. ആരാധകന്റെ ചോദ്യത്തിന് മറുപടിയായാണ് താരം ഇത് പറഞ്ഞത്.

താന്‍ നിവിന്‍ പോളിയുടെ വലിയ ആരാധകനാണെന്നും തുറമുഖം അടിയന്തിരമായി തിയറ്ററില്‍ ഇറക്കണമെന്നുമായിരുന്നു നിവിനോട് വിദ്യാര്‍ഥി പറഞ്ഞപ്പോള്‍ തുറമുഖം തന്റെ പോക്കറ്റിലല്ല ഇരിക്കുന്നത് എന്നായിരുന്നു ചിരിയോടെയുള്ള നിവിന്‍ പോളിയുടെ മറുപടി. പിന്നീട് ചിത്രം വൈകാനുള്ള കാരണവും അദ്ദേഹം വിശദീകരിച്ചു.


ആ സിനിമ ഇറങ്ങണമെന്ന് നിങ്ങളെപ്പോലെതന്നെ ആഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍. അതിന്റെ നിര്‍മ്മാതാവിന്റെ ചില സാമ്പത്തിക പ്രശ്‌നങ്ങള്‍ എല്ലാം കാരണം അത് ഇത്തിരി പ്രശ്‌നത്തില്‍ ഇരിക്കുകയാണ്. അത് നവംബര്‍ ഡിസംബറില്‍ റിലീസ് ആവുമെന്നാണ് കേള്‍വി. നമ്മുടെ നിര്‍മ്മാതാക്കളില്‍ ഏറ്റവും മുന്‍പന്തിയില്‍ ഇപ്പോള്‍ നില്‍ക്കുന്ന ലിസ്റ്റിന്‍ സ്റ്റീഫന്‍ ആണ് സിനിമ റിലീസിനുവേണ്ടി എടുക്കുന്നത്. ലിസ്റ്റിന്‍ ഏറ്റെടുത്തിരിക്കുന്നതുകൊണ്ട് അത് റിലീസ് ആവുമെന്ന് വിശ്വസിക്കുന്നു, നിവിന്‍ പറഞ്ഞു.