മലയാളികൾക്ക് സുപരിചിതമായ താരമാണ് നിഷ സാരംഗ്. സോഷ്യൽ മീഡിയയിലും താരം സജീവമാണ്. വ്യക്തി ജീവിതത്തിൽ കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോയൊരാളാണ് നിഷ. വളരെ ചെറുപ്പത്തിൽ തന്നെ താരം വിവാഹം കഴിച്ചിരുന്നു. എന്നാൽ വൈകാതെ ആ ബന്ധം വേർപിരിഞ്ഞു. പിന്നീട് വളരെ ഏറെ കഷ്ടപ്പെട്ടാണ് താൻ മക്കളെ വളർത്തിയതെന്ന് പല അഭിമുഖങ്ങളിലും നിഷ വെളുപ്പെടുത്തിയിട്ടുണ്ട്. ഭർത്താവുമായി വേർപിരിഞ്ഞപ്പോൾ മറ്റൊരു വിവാഹ ജീവിതത്തിലേക്ക് കടക്കാൻ നിഷ തയ്യാറായിരുന്നില്ല. മക്കളായിരുന്നു തന്റെ പ്രഥമ പരിഗണനയെന്നും അവർക്ക് വേണ്ടിയാണ് താൻ ജീവിച്ചതെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്. അടുത്തിടെ തനിക്ക് വീണ്ടുമൊരു വിവാഹം കഴിക്കാൻ താത്പര്യമുണ്ടെന്ന് നിഷ പറഞ്ഞിരുന്നു. അതിന് കാരണവും താരം വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ പ്രായമാകുമ്പോഴുള്ള പ്രണയത്തിന്റെ മനോഹാരിതയെ കുറിച്ച് പറയുന്ന നിഷയുടെ ഒരു വീഡിയോ ആണ് ശ്രദ്ധനേടുന്നത്. കസ് കസ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ വാക്കുകൾ.
‘പ്രണയം വളരെ രസകരമാണ്. ചെറുപ്പക്കാരൊക്കെ മരത്തിന്റേം പോസ്റ്റിന്റേം വണ്ടീടേമൊക്കെ സൈഡിൽ നിന്ന് പ്രണയിക്കുന്നത് കാണാം. എന്നാൽ പ്രായമായവരുടെ പ്രണയം അങ്ങനെയല്ല,അവർ പ്രണയിക്കുകയാണെന്ന് മനസിലാകുകയേ ഇല്ല, എന്നാൽ ഒടുക്കത്തെ പ്രണയവും ആയിരിക്കും. മരിക്കുന്നിടം വരെ പ്രണയം വേണം. എന്നാലേ ജീവനുണ്ടാകൂ, ചലിക്കാത്ത വസ്തുവിന് ഒരിക്കലും പ്രണയമുണ്ടാകില്ല. നമ്മുക്ക് ജീവനുണ്ടെന്ന് തോന്നണമെങ്കിൽ നമ്മുക്ക് പ്രണയമുണ്ടാകണം. അപ്പോൾ നിങ്ങൾ ആലോചിക്കുന്നുണ്ടാകും എനിക്ക് പ്രണയമുണ്ടെന്ന്. ഉണ്ടാവുമായിരിക്കാം. കാരണം എനിക്ക് എല്ലാവരോടും പ്രണയമാണ്. പാറുക്കുട്ടിയോട് എനിക് പ്രണയമാണ്. അളക്കാൻ പറ്റാത്ത സ്നേഹം ആണ് പ്രണയം. പാറുക്കുട്ടിയൊക്കെ എന്റെ അടുത്തേക്ക് വരുമ്പോൾ എനിക്ക് ഊർജമാണ്. ഉള്ളിൽ എല്ലാരോടും സ്നേഹം ഉണ്ടാകണം. പണമൊക്ക സാമ്പാദിക്കണമെന്നൊക്കെ തോന്നുന്നത് ആഗ്രഹവും സ്വപ്നവുമൊക്കെയാണ്. അതിനൊക്കെ ജീവനുണ്ടാകണം. രാവിലെ എഴുന്നേൽക്കുമ്പോൾ ഞാൻ ചിരിക്കും.കാരണം രാത്രി ഉറങ്ങുന്നതിന് മുൻപ് എനിക്ക് കിട്ടിയ എല്ലാത്തിനും ഭഗവാനോട് നന്ദി പറഞ്ഞ് കിടന്ന് എണീക്കുമ്പോൾ എനിക്ക് ജീവനുണ്ടല്ലോ. ഇതിനപ്പുറം ഭാഗ്യവും സന്തോഷവുമൊന്നും നമ്മുടെ ജീവിതത്തിൽ ഇല്ല. ഇതെല്ലാം തിരച്ചറിഞ്ഞാൽ പിന്നെ ഈ ലോകത്ത് പ്രണയവും സമ്പത്തും ഒന്നുമല്ല, ഏറ്റവും വലുത് നമ്മൾ ജീവിച്ചിരിക്കുകയെന്നതാണ്’.