യു.കെയില്‍ ഒമിക്രോണിന്റെ പുതിയ വകഭേദം കണ്ടെത്തി

യുഎസില്‍ അതിവേഗം പടര്‍ന്നുപിടിച്ച ഒമിക്രോണിന്റെ ഉപവകഭേദം യു.കെയില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഒമിക്രോണിന്റെ ഉപവകഭേദമായ ബിഎ.4.6 ആണ് കണ്ടെത്തിയിരിക്കുന്നത്. ഓഗസ്റ്റ് 14 മുതലുള്ള കൊവിഡ് പരിശോധനാ ഫലങ്ങളില്‍ 3.3 ശതമാനം സാമ്പിളുകളിലും കണ്ടെത്തിയത് ബിഎ.4.6 വകഭേദം ആയിരുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതിനുശേഷം ബിഎ.4.6 കേസുകളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ബിഎ.4.6ന്റെ ഉറവിടം എവിടെയെന്ന് കണ്ടെത്താനായിട്ടില്ല. പക്ഷേ ഇതൊരു പുനഃസംയോജന വകഭേദമാകാനാണ് സാധ്യതയെന്നാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം. ബിഎ.4.6 വകഭേദം കൂടുതല്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നില്ലെങ്കിലും ഇതിന്റെ വ്യാപന ശേഷി മറ്റ് വകഭേദങ്ങളേക്കാള്‍ കൂടുതലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

കൊവിഡിന്റെ പുതിയ വകഭേദങ്ങള്‍ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ വിവിധ രാജ്യങ്ങള്‍ വീണ്ടും പ്രതിരോധ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്. പുതിയ വകഭേദങ്ങള്‍ക്ക് ഇതുവരെ സ്വീകരിച്ച വാക്‌സിനുകളെ പ്രതിരോധിക്കുമോയെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.