പരസ്യങ്ങള്‍ കാണേണ്ടിവരും; പ്ലാനുകളുടെ വിലകുറയ്ക്കാന്‍ നെറ്റ്ഫ്‌ളിക്‌സ്

പ്ലാനുകളുടെ വിലകുറയ്ക്കാന്‍ നെറ്റ്ഫ്‌ളിക്‌സ്. കമ്പനി സിഇഒ റീഡ് ഹേസ്റ്റിംഗ്സാണ് ഇക്കാര്യം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുന്നത്. പരസ്യങ്ങള്‍ കാണേണ്ടിവരുമെന്നതാണ് കമ്പനി ചൂണ്ടിക്കാട്ടുന്നത്. പുതിയ പരസ്യ-പിന്തുണയുള്ള പ്ലാനുകള്‍ കമ്പനി പരീക്ഷിക്കുന്നുണ്ടെന്ന് റീഡ് വെളിപ്പെടുത്തി.

നെറ്റ്ഫ്‌ളിക്‌സ് അതിന്റെ സ്ട്രീമിംഗ് സര്‍വീസില്‍ പരസ്യം കാണിക്കുന്നതിന് എതിരായിരുന്നു. എന്നാല്‍ ഉപയോക്താവിന് വിലകുറഞ്ഞ സബ്സ്‌ക്രിപ്ഷന്‍ പ്ലാനുകള്‍ വേണമെങ്കില്‍ പരസ്യങ്ങള്‍ ഉള്‍പ്പെടുത്തേണ്ടിവരും എന്ന നിലപാടിലാണ് നെറ്റ്ഫ്‌ളിക്‌സ്. ഒരു വര്‍ഷത്തിനകം ഈ സേവനം ആരംഭിക്കുമെന്ന് ഹേസ്റ്റിംഗ്സ് പറഞ്ഞു.

വ്യാപകമായ പാസ്വേഡ് പങ്കിടല്‍, മറ്റ് സ്ട്രീമിംഗ് ഭീമന്മാരില്‍ നിന്നുള്ള മത്സരം, റഷ്യ-യുക്രൈന്‍ യുദ്ധം തുടങ്ങിയവ പണമടച്ചുള്ള സബ്‌സ്‌ക്രിപ്ഷനുകളില്‍ കാര്യമായ വര്‍ദ്ധനവ് ഉണ്ടാകാത്തതിന്റെ ചില കാരണങ്ങളാണെന്ന് നെറ്റ്ഫ്‌ളിക്‌സ് കരുതുന്നു. അതിനാല്‍ വരുമാനം കൂട്ടാന്‍ ചില രാജ്യങ്ങളില്‍ സബ്സ്‌ക്രിപ്ഷന്‍ പ്ലാനുകളുടെ വില കൂട്ടിയെങ്കിലും അത് തിരിച്ചടിച്ചിരുന്നു.