രാജ്യത്ത് കൊവിഡ് കേസ് കുറയുന്നതായാണ് റിപ്പോര്‍ട്ട്. എങ്കിലും പൂര്‍ണ്ണമായും വൈറസില്‍ നിന്നും മുക്തി നേടിയാല്‍ മാത്രമേ ആശങ്ക ഒഴിയുകയുള്ളു. എന്നാല്‍ മരണസംഖ്യയില്‍ മാറ്റമൊന്നും ഇല്ലാതെ തുടരുകയാണ്. കേരളത്തില്‍ രണ്ട് ദിവസമായി കൊവിഡ് കേസ് ചെറിയ തോതില്‍ കുറഞ്ഞിട്ടുണ്ട്. എങ്കിലും കൊവിഡ് വാക്സിന് എല്ലാവരും എടുക്കേണ്ടതുണ്ട്. ഇതിനോടകം നിരവധി പേരാണ് വാക്സിന് വെച്ചത്. സിനിമാ താരങ്ങളും കൊവിഡ് വാക്സിന് സ്വീകരിച്ചിട്ടുണ്ട്.
ഈ അടുത്താണ് 18 വയസ്സിന് മുകളിലുള്ളവര്‍ക്കും കൊവിഡ് വാക്സിന് ലഭ്യമായി തുടങ്ങിയത്. ഇപ്പോഴിതാ തെന്നിന്ത്യന്‍ താരസുന്ദരി നയന്‍താരയും കാമുകനും സംവിധായകനുമായ വിഘ്നേശ് ശിവനും വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചതായി സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചിരിക്കുകയാണ്.
ചെന്നൈയിലെ കുമരന് ആശുപത്രിയില്‍ എത്തിയാണ് ഇരുവരും വാക്സിന് സ്വീകരിച്ചത്. ദയവായി എല്ലാവരും വാക്സിന് എടുക്കണമെന്നും സുരക്ഷിതരായി വീടുകളിലിരുന്ന് ജാഗ്രതയോടെ കൊറോണയ്ക്കെതിരെ പോരാടണമെന്നും വിഘ്നേശ് ശിവന് ചിത്രങ്ങള്‍ പങ്കുവെച്ച് കുറിച്ചിരിക്കുകയാണ്.
അതേസമയം ചെന്നൈയില്‍ കൊവിഡ് കേസ് കൂടുന്നതായാണ് റിപ്പോര്‍ട്ട്. മരണസംഖ്യയിലും കുറവൊന്നും ഇല്ല. ഇതിനിടെ കൊവിഡ് രോഗികളെ ബാധിക്കുന്ന ‘ബ്ലാക്ക് ഫംഗസ്’ രാജ്യത്തെ കൊവിഡ് ചികിത്സാമേഖലയില്‍ കടുത്ത ഭീഷണിയാണ് ഉയര്‍ത്തുന്നത്. പല സംസ്ഥാനങ്ങളിലും ഇത്തരം അവസ്ഥയിലൂടെ കടന്നുപോകുന്ന രോഗികളെ ചികിത്സിക്കാന്‍ ആവശ്യമായ മരുന്നുകളും സൗകര്യങ്ങളുമില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ നല്കുന്ന സൂചന.
കേരളത്തിലും ബ്ലാക്ക് ഫംഗസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഏഴ് പേരില്‍ ബ്ലാക്ക് ഫംഗസ് ബാധ കണ്ടെത്തിയിരുന്നു. ഇതോടെ സംസ്ഥാനത്തെ ആശുപത്രികളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ബ്ലാക്ക് ഫംഗസ് കേസുകള്‍ മെഡിക്കല്‍ ബോര്‍ഡിന് റിപ്പോര്‍ട്ട് ചെയ്യണമെന്ന നിര്‍ദേശവും പുറത്തിറക്കിയിട്ടുണ്ട്.