കോണ്‍ഗ്രസ് നേതാവ് നവ്ജ്യോത് സിംഗ് സിദ്ദുവിന് ഒരു വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി. റോഡിലുണ്ടായ തര്‍ക്കത്തില്‍ ഒരാളെ മര്‍ദിച്ചു കൊലപ്പെടുത്തി എന്ന കേസില്‍ സുപ്രിംകോടതിയാണ് സിദ്ദുവിനെ ശിക്ഷിച്ചത്. നേരത്തെ പഞ്ചാബ് ആന്‍ഡ് ഹരിയാന ഹൈക്കോടതി കേസില്‍ സിദ്ദുവിന് മൂന്നുവര്‍ഷത്തെ തടവ് വിധിച്ചിരുന്നു. ഇതിനെതിരെ സുപ്രിംകോടതിയെ സമീപിച്ച സിദ്ദു അനുകൂല വിധി നേടിയിരുന്നു. കൊല്ലപ്പെട്ട ഗുര്‍നാം സിംഗിന്റെ ബന്ധുക്കള്‍ നല്കിയ പുനഃപരിശോധനാ ഹര്‍ജി പരിഗണിച്ചാണ് സിദ്ദുവിനെ ഒരു വര്‍ഷത്തെ തടവിന് ശിക്ഷിച്ചത്.
1988ല്‍ ഡിസംബര്‍ 27നാണ് കേസിനാസ്പദമായ സംഭവം. റോഡില്‍ വച്ചുണ്ടായ തര്‍ക്കത്തിനിടെ പട്യാല സ്വദേശി ഗുര്‍നാം സിംഗിനെ സുഹൃത്തിനൊപ്പം സിദ്ദു മര്‍ദ്ദിച്ചെന്നും തലയ്ക്കടിയേറ്റ് ഇയാള്‍ മരിച്ചു എന്നുമാണ് കേസ്. 99ല്‍ പഞ്ചാബിലെ സെഷന്‍സ് കോടതി ഈ കേസില്‍ സിദ്ദുവിനെ കുറ്റവിമുക്തനാക്കിയിരുന്നു. ഇതിനെതിരെ മരിച്ചയാളുടെ ബന്ധുക്കള്‍ പഞ്ചാബ് ആന്‍ഡ് ഹരിയാന ഹൈക്കോടതിയെ സമീപിച്ചു. ഇരു വിഭാഗത്തിന്റെയും വാദം കേട്ട കോടതി കീഴ്ക്കോടതി ഉത്തരവ് റദ്ദാക്കുകയും സിദ്ദുവിനെ മൂന്ന് വര്‍ഷത്തെ തടവിന് ശിക്ഷിക്കുകയുമായിരുന്നു. തുടര്‍ന്നാണ് സിദ്ദു സുപ്രിംകോടതിയെ സമീപിച്ചത്.
സിദ്ദുവിന്റെ വാദം അംഗീകരിച്ച കോടതി തടവുശിക്ഷ ഒഴിവാക്കുകയും മുറിവേല്‍ക്കണമെന്ന ഉദ്ദേശ്യത്തോടെ മര്‍ദ്ദിച്ചു എന്നത് കണക്കിലെടുത്ത് 1000 രൂപ പിഴയൊടുക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. ഈ വിധി ചോദ്യം ചെയ്ത് ഗുര്‍നാം സിംഗിന്റെ ബന്ധുക്കള്‍ നല്കിയ ഹര്‍ജിയിലാണ് സിദ്ദുവിനെ ശിക്ഷിച്ചത്. സിദ്ദുവിനോട് കീഴടങ്ങാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്.