വിയറ്റ്നാം യുദ്ധത്തിന്റെ തീവ്രത വിളിച്ചോതിയ ആ ഒന്‍പതു വയസുകാരിയെ ലോക ജനത മറക്കാന്‍ ഇടയില്ല. ‘നപാം പെണ്‍കുട്ടി’ എന്ന പേരിലാണ് അവള് അറിയപ്പെട്ടത്. ലോക പ്രശസ്ത ഫോട്ടോഗ്രാഫര്‍ നിക് ഉട്ടാണ് ആ ചിത്രം പകര്‍ത്തിയത്. കത്തിയെരിയുന്ന വസ്ത്രങ്ങള്‍ ഊരിയെറിഞ്ഞ് നഗ്നയായി തെരുവിലൂടെ നിലവിളിച്ചോടിയപ്പോഴാണ് അവളെ നിക് ഉട്ട് ക്യാമറയില്‍ പകര്‍ത്തിയത്. ഇപ്പോഴിതാ യുദ്ധത്തിന്റെ നടുക്കുന്ന ഓര്‍മകള്‍ തന്നില്‍ നിന്ന് മായ്ച്ചിരിക്കുകയാണ് 59കാരിയായ ഫാന്‍ തി കിം ഫുക്. ബോംബാക്രമണത്തിലുണ്ടായ പൊള്ളലിന്റെ അവസാന പാടും കിം ഫുക് ചികിത്സയിലൂടെ ശരീരത്തില്‍ നിന്ന് നീക്കി.
അമേരിക്കയിലെ മിയാമിയിലുള്ള ഒരു സ്വകാര്യ ക്ലിനികില്‍ വച്ചായിരുന്നു ശസ്ത്രക്രിയ. 1972 ജൂണ്‍ 8നായിരുന്നു അമേരിക്ക ‘നപാം’ എന്ന ബോംബ് വിയറ്റ്നാമിന് മേല്‍ വര്‍ഷിച്ചത്. 1200 ഡിഗ്രി സെല്‍ഷ്യസിനും 800 ഡിഗ്രി സെല്‍ഷ്യസിനും ഇടയില്‍ ചൂടില്‍ പൊട്ടിത്തെറിച്ച ബോംബില്‍ മുറ്റത്തു കളിച്ചുകൊണ്ടിരുന്നു കിം ഫുകിന് 30 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. കത്തിയെരിഞ്ഞുകൊണ്ടിരിക്കുന്ന വസ്ത്രങ്ങള്‍ ഊരിയെറിഞ്ഞുകൊണ്ട് അവള് മറ്റു കുട്ടികള്‍ക്കൊപ്പം അലമുറയിട്ടുകൊണ്ട് തെരുവിലേക്ക് ഇറങ്ങിയോടി. നിക് ഉട്ട് പകര്‍ത്തിയ ചിത്രത്തിന് 1973 ലെ പുലിസ്റ്റര്‍ പുരസ്കാരം ലഭിച്ചിരുന്നു.
അന്ന് അസോസിയേറ്റഡ് പ്രസ്സിലെ ഫോട്ടോഗ്രാഫറായിരുന്നു നിക് ഫോട്ടോ പകര്‍ത്തിയതിന് ശേഷം ഫുക്കിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു വര്‍ഷത്തെ ആശുപത്രി വാസത്തിനിടയില്‍ 17 ശസ്ത്രക്രിയകള്‍ക്ക് അവള് വിധേയയായി. പിന്നെയും വര്‍ഷങ്ങള്‍ വേണ്ടി വന്നു സാധാരണ നിലയിലെത്താന്‍. വര്‍ഷങ്ങള്‍ക്കു ശേഷമായിരുന്നു പുതിയ ശസ്ത്രക്രിയ. അതിലൂടെ യുദ്ധത്തിന്റെ അവസാന മുറിപ്പാടും അവളില്‍ നിന്ന് നീക്കം ചെയ്തു. അന്ന് രക്ഷിച്ച നിക് ഉട്ടും ഇത്തവണ അവളുടെ ചിരിക്കുന്ന മുഖം പകര്‍ത്താന്‍ മിയാമിയിലെത്തിയിരുന്നു.