
സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്ന വ്യക്തിയായിരുന്നു പ്രഭു ലാല്‍ പ്രസന്നന്. പ്രഭുവിന്റെ ദേഹത്ത് ജന്മനാ ഒരു മറുക് ഉണ്ടായിരുന്നു. ഇത് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിച്ച് മുഖം പോലും ശരിക്കും കാണാത്ത വിധമായി മാറി. ഒരുപാട് ചികിത്സ തേടിയെങ്കിലും ഇതിന് പരിഹാരം കണ്ടെത്താന്‍ കഴിഞ്ഞില്ല. ഏറെ വൈകിയാണ് ഇത് സ്കിന്‍ ക്യാന്‍സര്‍ ആണെന്ന് തിരിച്ചറിഞ്ഞത്. പിന്നീട് തന്റെ വലത്തെ തോളിലെ മുഴ പഴുത്ത് കൈക്ക് സ്വാധീനം കുറഞ്ഞതിനെക്കുറിച്ചെല്ലാം പ്രഭുലാല്‍ പറഞ്ഞിരുന്നു.
ഈ അടുത്ത് കൂടി തന്റെ നിലവിലെ അവസ്ഥ വളരെ മോശമാണെന്ന് ഇദ്ദേഹം വ്യക്തമാക്കിയിരുന്നു. ചികിത്സാ സഹായം തേടിയും പ്രഭു ലാല്‍ എത്തിയിരുന്നു. പിന്നീട് ഇന്നാണ് പ്രഭുലാലിന്റെ മരണവാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ എത്തിയത്. നടി സീമാജി നായര്‍ അടക്കം ആദരാഞ്ജലി അര്‍പ്പിച്ച് എത്തിയിരുന്നു.
ഇപ്പോഴിതാ നന്ദുവിന്റെ അമ്മയും പ്രഭുലാലിനെ കുറിച്ച് പറഞ്ഞുകൊണ്ട് കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ്. നന്ദുവുമായി വല്ലാത്തൊരു ആത്മബന്ധം പ്രഭുലാലിന് ഉണ്ടായിരുന്നുവെന്നും അമ്മ പറയുന്നു.
ധീരന് ആയ ചെറുപ്പക്കാരന് പ്രഭുലാല്‍. പരിഹാസവും വേദനയും സങ്കടവും ഇല്ലാത്ത ലോകത്തേക്ക് യാത്ര ആയി. ഈ കറുത്ത മറുക് ആണ് എന്റെ അടയാളം ഇന്ന് തല ഉയര്‍ത്തി പറഞ്ഞവന്. മറുക് കാരണം അവനു ഉണ്ടായ സങ്കടങ്ങള്‍ ഒക്കെ സഹിക്കാന്‍ കഴിയാതെ അമ്മയുടെ നെഞ്ചില്‍ തല ചേര്‍ത്തു പൊട്ടിക്കരഞ്ഞവന്‍. ഒടുക്കം അവന് എല്ലാവരുടെയും മുന്നില്‍ തല ഉയര്‍ത്തി ഉറക്കെ പറഞ്ഞു ഈ മറുക് ആണ് എന്റെ അടയാളം എന്ന്. ഒടുക്കം ക്യാന്‍സറും അവനെ തേടിയെത്തി. അത് മറുകില്‍ കൂടി പടര്‍ന്നു ശരീരം ഫുള്‍ ആയി പോയി.
വല്ലാത്ത ഒരു ആത്മ ബന്ധം ആയിരുന്നു നന്ദുവും ആയിട്ടു ഉണ്ടായിരുന്നത്. നല്ല ഒരു കലാകാരനും ആയിരുന്നു അവന്. അവനെ കൊണ്ട് ഒക്കുന്നപോലെ പലരെയും ചേര്‍ത്തു പിടിച്ചിരുന്നു സഹായിച്ചിരുന്നു. എന്റെ മകനേ നിന്റെ ശരീരം മാത്രമേ മറയുന്നുള്ളു. നീ ഞങ്ങളുടെ ഹൃദയത്തില്‍ എന്നും പുഞ്ചിരി തൂകി നിറഞ്ഞു നില്ക്കും. ഒരിക്കലും മരണം ഇല്ല ധീരന് മാര്‍ക്ക്. എത്ര കാലം ജീവിച്ചു എന്നതില്‍ അല്ല, എങ്ങനെ ജീവിച്ചു എന്നതില്‍ ആണ് ഒരു മനുഷ്യന്റെ വിജയം. അതില്‍ നീ വിജയിച്ചവന് ആണ് മോനെ. നന്ദുവിനെ നീ കാണും എന്നും ഞാന്‍ വിശ്വസിക്കുന്നു എന്നായിരുന്നു നന്ദു മഹാദേവയുടെ അമ്മയുടെ കുറിപ്പ്.