2018 കണ്ട് തെലുങ്ക് താരം നാഗചൈതന്യ പറയുന്നത് കേട്ടോ; വൈറലായി വാക്കുകള്‍

ഹൈദരാബാദ്: കേരളത്തെ ഭീതിയില്‍ ആഴ്ത്തിയ പ്രളയത്തിന്റെയും മലയാളികളുടെ അതീജീവനത്തിന്റെയും പശ്ചാത്തലത്തില്‍ കഥ പറഞ്ഞ ചിത്രമാണ് 2018. ജൂഡ് ആന്റണി സംവിധാനം ചെയ്ത ചിത്രം ബോക്‌സ് ഓഫീസില്‍ വന്‍ കുതിപ്പ് നടത്തുകയാണ്.

മലയാളത്തില്‍ മികച്ച പ്രതികരണം നേടിയ ചിത്രത്തിന്റെ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നട മൊഴിമാറ്റ പതിപ്പുകള്‍ക്കും മികച്ച പ്രതികരണമാണ് നേടുന്നത്. ഇപ്പോഴിത ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് കണ്ട് തെലുങ്ക് യുവതാരം നാഗ ചൈതന്യ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

2018നെ ‘വൈകാരികമായ’ ചിത്രമെന്നാണ് നാഗചൈതന്യ വിശേഷിപ്പിച്ചത്. ‘2018 തെലുങ്ക് പതിപ്പ് കണ്ടു. അത്ര മനോഹരമായ സിനിമ. കഠിനവും വൈകാരികവുമാണ് ഈ ചിത്രം. ഈ വെള്ളിയാഴ്ച തെലുങ്കില്‍ റിലീസാകുന്നു കാണാന്‍ മറക്കരുത്. ജൂഡ് ആന്റണി ജോസഫ്, ടൊവിനോ തോമസ്, ലാല്‍ സാര്‍, വിനീത് ശ്രീനിവാസന്‍, അപര്‍ണ ബാലമുരളി, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, കലൈയരശന്‍ എന്നിവര്‍ക്ക് അഭിനന്ദനങ്ങള്‍-എന്നാണ് നാഗചൈതന്യ കുറിച്ചത്.

നാഗ ചൈതന്യയുടെ ട്വീറ്റിന് അടിയില്‍ ടൊവിനോ ഉടന്‍ തന്നെ നന്ദി അറിയിച്ച് എത്തിയിട്ടുണ്ട്. മറ്റു താരങ്ങളും നന്ദി അറിയിച്ചിട്ടുണ്ട്. അതേസമയം ബോക്‌സ് ഓഫീസില്‍ കുതിപ്പ് നടത്തുകയാണ് 2018. വിവിധ ബോക്‌സ് ഓഫീസ് ട്രാക്കര്‍മാരുടെ കണക്കുകള്‍ പ്രകാരം 137 കോടിക്ക് മുകളിലാണ് ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് ചിത്രം നേടിയിരിക്കുന്നത്.

കഴിഞ്ഞ ആറര വര്‍ഷങ്ങളായി മോഹന്‍ലാല്‍ ചിത്രം പുലിമുരുകന്‍ കൈയാളിയിരുന്ന റെക്കോര്‍ഡ് ആണ് ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ചിത്രം മറികടന്നിരുന്നു. വെറും 17 ദിവസങ്ങള്‍ കൊണ്ടാണ് പുലിമുരുകന്റെ ലൈഫ് ടൈം കളക്ഷന്‍ 2018 മറികടന്നത്.

കേരളം നേരിട്ട പ്രളയം പശ്ചാത്തലമാക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജൂഡ് ആന്തണി ജോസഫ് ആണ്. ടൊവിനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബന്, നരെയ്‌ന്, ലാല്, വിനീത് ശ്രീനിവാസന്‍, സുധീഷ്, അജു വര്‍ഗീസ്, അപര്‍ണ ബാലമുരളി, തന്‍വി റാം, ശിവദ, ഗൗതമി നായര്‍, സിദ്ദിഖ് തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്.