നടി തൃഷയ്ക്ക് എതിരായ മോശം പരാമര്‍ശത്തില്‍ നടന്‍ മന്‍സൂര്‍ അലി ഖാനെതിരെ തമിഴ് താര സംഘടനയായ നടികര്‍ സംഘം. മാധ്യമങ്ങള്‍ക്ക് മുന്നില്‍ നിരുപാധികവും ആത്മാര്‍ത്ഥവുമായ മാപ്പ് പറയണമെന്ന് അസോസിയേഷന്‍ ആവശ്യപ്പെട്ടു.
മന്‍സൂര്‍ അലിഖാന്റെ പരാമര്‍ശം തങ്ങളെ ഞെട്ടിച്ചെന്നും നടന്റെ അംഗത്വം താല്‍കാലികമായി സസ്‌പെന്‍ഡ് ചെയ്യാനുള്ള കാര്യം പരിഗണനയില്‍ ആണെന്നും അസോസിയേഷന്‍ പറയുന്നു. ഈ വിഷയത്തില്‍ ഇരയായ നടിമാര്‍ക്കൊപ്പം(തൃഷ,റോജ,ഖുശ്ബു) അസോസിയേഷന്‍ നിലകൊള്ളും.
ഒരു സെലിബ്രിറ്റി എന്ന നിലയിലുള്ള തന്റെ ഉത്തരവാദിത്വത്തെ കുറിച്ച് മന്‍സൂര്‍ ശ്രദ്ധിക്കേണ്ടതാണ്. ഉത്തരവാദിത്തത്തോടെ സംസാരിക്കാന്‍ മന്‍സൂര്‍ പഠിക്കേണ്ടതുണ്ട്. പരസ്യ പ്രസ്താവനകള്‍ നടത്തുമ്പോള്‍ ഉത്തരവാദിത്തം കാണിക്കേണ്ടതുമുണ്ട്. ഭാവിയില്‍ ഇത്തരം പെരുമാറ്റം ഉണ്ടായാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നും അസോസിയേഷന്‍ അറിയിച്ചു.
ലിയോ സക്‌സസ് മീറ്റില്‍ സംസാരിക്കുമ്പോഴായിരുന്നു മന്‍സൂര്‍ അലി ഖാന്‍ വിവാദ പരാമര്‍ശം നടത്തിയത്.ലിയോയില്‍ തൃഷയുമായി ബെഡ് റൂം സീന്‍ ഉണ്ടാകുമെന്ന് കരുതിയെന്നും പണ്ട് റോജ, ഖുശ്ബു എന്നിവരെ കട്ടിലിലേക്ക് ഇട്ടതുപോലെ തൃഷയെയും ചെയ്യാന്‍ സാധിക്കുമെന്ന് കരുതിയെന്നും മന്‍സൂര്‍ പറഞ്ഞിരുന്നു. അതിനായി ആഗ്രഹമുണ്ടായിരുന്നു എന്നും മന്‍സൂര്‍ പറഞ്ഞിരുന്നു.
ഇതിന് എതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച് തൃഷ രംഗത്ത് എത്തിയിരുന്നു. ലോകേഷ് കനകരാജും മന്‍സൂറിനെ തള്ളി രംഗത്ത് വന്നിരുന്നു.