മാധ്യമ പ്രവർത്തനംവിട്ട് എംവി നികേഷ് കുമാര്‍ കണ്ണൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചേക്കുമെന്ന് റിപ്പോര്‍ട്ട് ആണ് പുറത്ത് വരുന്നത്.അടുത്ത സി പി എം സംസ്ഥാന കമ്മിറ്റി യോഗത്തില്‍ ഇത് സംബന്ധിച്ച് തീരുമാനമുണ്ടാകും എന്നാണ് വിവരം.2026 ല്‍ നികേഷ് കുമാര്‍ കണ്ണൂരിലെ ഏതെങ്കിലും മണ്ഡലത്തില്‍ നിന്ന് മത്സരിച്ചേക്കും. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അഴീക്കോട് നിന്ന് നികേഷ് മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. എന്നാല്‍ തിടുക്കത്തിലുള്ള സ്ഥാനാര്‍ഥി നിര്ണ്ണയമായത് കൊണ്ടാണ് നികേഷിന് പരാജയമേറ്റ് വാങ്ങേണ്ടി വന്നത് എന്നാണ് സി പി എം വിലയിരുത്തല്‍.കണ്ണൂരിലേക്ക് തട്ടകം മാറ്റുന്നതിന്റെ ഭാഗമായി എറണാകുളത്ത് നിന്ന് നികേഷ് കുമാര്‍ പിതാവ് എം വി രാഘവന്റെ ബര്‍ണശ്ശേരിയിലെ വീട്ടിലേക്ക് താമസം മാറിയിരിക്കുകയാണ്. ഇന്നലെയാണ് താന്‍ സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയാണെന്ന് നികേഷ് പ്രഖ്യാപിച്ചത്.
അതേ സമയം 1996 ല്‍ ഏഷ്യാനെറ്റ് ന്യൂസിലൂടെയായിരുന്നു നികേഷ് കുമാര്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചത്. 2003 ല്‍ കേരളത്തിലെ ആദ്യത്തെ മുഴുവന്‍ സമയ വാര്‍ത്താ ചാനലായ ഇന്ത്യാ വിഷന്‍ ആരംഭിച്ചതോടെ നികേഷ് മലയാള വാര്‍ത്താ ചാനലുകളുടെ തന്നെ മുഖമായി മാറി. ഇന്ത്യാ വിഷന്റെ എക്സിക്യൂട്ടീവ് എഡിറ്ററായിരുന്നു അദ്ദേഹം. വാര്‍ത്താ അവതരണത്തിലെ പ്രത്യേക ശൈലി നികേഷിന് ദൃശ്യമാധ്യമരംഗത്ത് താരപരിവേഷം സമ്മാനിച്ചു.ഇന്ത്യ വിഷന്‍ ശേഷമാണ് റിപ്പോര്‍ട്ടര്‍ ടിവി എന്ന സ്വന്തം ചാനലിന് അദ്ദേഹം തുടക്കം കുറിക്കുന്നത്. 2011 ല്‍ ആയിരുന്നു അത്.