നീല ജഴ്‌സിയില്‍ കോലിയും സംഘവും; മത്സരത്തിന് മുന്‍പ് ഡൂപ്ലെസിയുടെ സന്ദേശം ലഭിച്ചുവെന്ന് മുംബൈ ഇന്ത്യന്‍സ് താരം ടിം ഡേവിഡ്

ഇന്നലെ മുംബൈയുടെ വിജയത്തിനായി ഏറ്റവും കൂടുതല്‍ ആഗ്രഹിച്ചത് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരായിരുന്നു. ഡല്‍ഹിക്കെതിരായ മത്സരത്തിന് മുന്‍പ് ബാംഗ്ലൂര്‍ നായകന്‍ ഫാഫ് ഡൂപ്ലെസിയുടെ സന്ദേശം തനിക്ക് ലഭിച്ചിരുന്നുവെന്ന് വെളിപ്പെടുത്തി മുംബൈ ഇന്ത്യന്‍സ് താരം ടിം ഡേവിഡ്. തങ്ങള്‍ക്ക് പിന്തുണ അറിയിച്ചായിരുന്നു ആ സന്ദേശമെന്നും ടിം ഡേവിഡ് പറഞ്ഞു.

ഫാഫും വിരാട് കോലിയും മാക്‌സ്വെല്ലും മുംബൈയുടെ നീല ജേഴ്‌സി ധരിച്ചുകൊണ്ടു നിക്കുന്ന ചിത്രമാണ് ഫാഫ് അയച്ചതെന്നും ടിം ഡേവിഡ് പറഞ്ഞു. ഇത് താന്‍ ഇന്‍സ്റ്റഗ്രാമിലൂടെ പിന്നീട് പുറത്തുവിടുമെന്നും ഡേവിഡ് വ്യക്തമാക്കി.

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരം ഡല്‍ഹി ക്യാപിറ്റല്‍സിന് ജീവന്‍മരണപ്പോരാട്ടമായിരുന്നു. ജയിച്ചാല്‍ പ്ലേ ഓഫ് ഉറപ്പിക്കാമായിരുന്ന ഡല്‍ഹിക്ക് പക്ഷെ അതിന് കഴിഞ്ഞില്ല. ഡല്‍ഹി തോറ്റതോടെ നെറ്റ് റണ്‍റേറ്റില്‍ പുറകിലായിട്ടും 16 പോയിന്റുള്ള ആര്‍സിബി പ്ലേ ഓഫിലെ നാലാമത്തെ ടീമായി.