ജിയോ ബോര്‍ഡില്‍ നിന്ന് രാജിവച്ച് മുകേഷ് അംബാനി; ആകാശ് അംബാനി പുതിയ ചെയര്‍മാന്‍

റിലയന്‍സ് ഗ്രൂപ്പിന്റെ ടെലികോം വിഭാഗമായ ജിയോയുടെ ബോര്‍ഡില്‍ നിന്ന് രാജിവച്ച് മുകേഷ് അംബാനി. മൂത്തമകന്‍ ആകാശ് അംബാനിയാണ് പുതിയ ചെയര്‍മാന്‍. തീരുമാനം അംബാനിയുടെ പിന്തുടര്‍ച്ച ആസൂത്രണം ചെയ്യുന്നതിന്റെ ഭാഗമായുള്ളതാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

30ാം വയസിലാണ് ആകാശ് ഇന്ത്യയില്‍ ഒന്നാം സ്ഥാനത്തുള്ള ടെലികോം കമ്പനിയുടെ നേതൃസ്ഥാനത്തെത്തുന്നത്. മക്കളെ കൂടുതല്‍ ചുമതലകള്‍ ഏല്‍പ്പിക്കുമെന്ന് കഴിഞ്ഞ വര്‍ഷം അംബാനി പ്രഖ്യാപിച്ചിരുന്നു. അതിന് ശേഷമുള്ള ആദ്യ തീരുമാനമാണ് ജിയോ തലപ്പത്ത് ആകാശിനെ എത്തിക്കുക എന്നത്. ജിയോയിലെ നിക്ഷേപവുമായി ബന്ധപ്പെട്ട് മെറ്റാ പ്ലാറ്റ്ഫോമുമായുള്ള ചര്‍ച്ചകളില്‍ പങ്കെടുത്ത സംഘത്തില്‍ ആകാശുണ്ടായിരുന്നു.

ബ്രൗണ്‍ യൂണിവേഴ്‌സിറ്റി പൂര്‍വ വിദ്യാര്‍ഥിയായ ആകാശ് അംബാനി സാമ്പത്തിക ശാസ്ത്രമാണ് പഠിച്ചത്. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വജ്രവ്യാപാരിയുടെ മകളും തന്റെ ബാല്യകാല സുഹൃത്തുമായ ശ്ലോക മേത്തയെയാണ് അദ്ദേഹം വിവാഹം കഴിച്ചത്.