
ന്യൂഡല്‍ഹി; സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. നൊബേല്‍ സമ്മാന കമ്മിറ്റി ഡപ്യൂട്ടി ലീഡര്‍ അസ്ലെ തോജെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
മോദിയുടെ ഭരണനയങ്ങള്‍ രാജ്യത്തെ സമ്പന്നവും ശക്തവും ആക്കുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വലിയൊരു ആരാധകനാണ് താനെന്നും തോജെ പറഞ്ഞു.ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തിലായിരുന്നു വെളിപ്പെടുത്തല്‍.
”മോദി വിശ്വസ്തനായ നേതാവാണെന്നും പരസ്പരം പോരടിക്കുന്ന രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധം പ്രതിരോധിച്ച് സമാധാനം കൊണ്ടുവരാന്‍ അദ്ദേഹത്തിനു കഴിവുണ്ട്. പുരസ്‌കാരം മോദിക്കു ലഭിക്കുകയാണെങ്കില്‍ അതു അര്‍ഹതയുള്ള നേതാവിനു ലഭിക്കുന്ന ചരിത്ര നിമിഷമാണ്” തോജെ കൂട്ടിച്ചേര്‍ത്തു.
വിഖ്യാതമായ സോള്‍ സമാധാന പുരസ്‌കാരം മോദിക്ക് ലഭിച്ചിട്ടുണ്ട്. 2018ല്‍ ആയിരുന്നു പുരസ്‌കാരം ലഭിച്ചത്. രാജ്യാന്തര തലത്തിലെ സഹകരണത്തിനും ആഗോള സാമ്പത്തിക വളര്‍ച്ചയ്ക്കും നല്‍കിയ സംഭാവനകള്‍ പരിഗണിച്ചായിരുന്നു പുരസ്‌കാരം.
സോള്‍ പുരസ്‌കാരം നേടിയ പലരും പിന്നീട് നൊബേല്‍ സമാധാന പുരസ്‌കാരവും നേടിയിട്ടുണ്ട്. അതേസമയം 2018ലെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം ലഭിച്ചത് മനുഷ്യാവകാശ പ്രവര്‍ത്തകനും രണ്ട് സംഘടനകള്‍ക്കുമാണ്.
ബെലാറുസ് മനുഷ്യാവകാശ പ്രവര്‍ത്തകനും അഭിഭാഷകനുമായ അലിസ് ബിയാലിയാട്‌സ്‌കിക്കാണ് പുരസ്‌കാരം. മനുഷ്യാവകാശ സംഘടനകളായ മെമ്മോറിയല്‍ (റഷ്യ), യുസെന്റര്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് (യുക്രൈന്‍) എന്നീ സംഘടനകളാണ് നൊബേല്‍ സമ്മാനം പങ്കിട്ടത്.
സ്വന്തം രാജ്യത്ത് ജനാധിപത്യം പ്രോത്സാഹിപ്പിക്കുന്നതിനും സമാധാനപരമായ വികസനത്തിനും വേണ്ടി നിതാന്ത പരിശ്രമം നടത്തിയ വ്യക്തിത്വമാണ് അലിസ് ബിയാലിയാട്‌സ്‌കി. മനുഷ്യാവകാശ സംരക്ഷണത്തിനായി നടത്തിയ പ്രവര്‍ത്തനങ്ങളാണ് യുസെന്റര്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസിനെയും മെമ്മോറിയലിനെയും പുരസ്‌കാരത്തിന് അര്‍ഹമാക്കിയത്.