രാജസ്ഥാനിലെ ഉദയ്പൂര്‍ കൊലപാതകത്തിന് പിന്നാലെ രാജസ്ഥാനില്‍ അതീവ ജാഗ്രത. എല്ലാ ജില്ലകളിലും ഒരു മാസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. കൊല്ലപ്പെട്ട കനയ്യ ലാല്‍ ജീവന് ഭീഷണിയുണ്ടെന്ന് കാട്ടി പരാതി നല്‍കിയിരുന്നെന്ന് പൊലീസ് പറയുന്നു. ഭീഷണിപ്പെടുത്തിയവരെ വിളിച്ച് താക്കീത് ചെയ്തിരുന്നു. കനയ്യ ലാലിന്റെ സമൂഹമാധ്യമ പോസ്റ്റില്‍ കേസെടുത്ത് അറസ്റ്റും രേഖപ്പെടുത്തിയിരുന്നുവെന്ന് പൊലീസ് പറയുന്നു.
കനയ്യ ലാലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണം എന്‍ഐഎ ഏറ്റെടുക്കും. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം ഉദയ്പൂരിലെത്തിയ എന്‍ഐഎ പ്രത്യേക സംഘം ഇന്ന് സംഭവസ്ഥലം സന്ദര്‍ശിക്കും. കൊലപാതകത്തിന് പിന്നില്‍ ഭീകരവാദസംഘടനകള്‍ക്ക് പങ്കുണ്ടെന്നാണ് കേന്ദ്രം കരുതുന്നത്.
നബി വിരുദ്ധ പരാമര്‍ശം നടത്തിയ ബിജെപി മുന്‍ ദേശീയ വക്താവ് നൂപുര്‍ ശര്‍മയെ പിന്തുണച്ച് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടതിനാണ് തയ്യല്‍ക്കാരനായ കനയ്യ ലാലിനെ രണ്ട് പേര് ചേര്‍ന്ന് വെട്ടിക്കൊന്നത്. രണ്ട് പ്രതികള്‍ ഇന്നലെ അറസ്റ്റിലായിരുന്നു. ഇവരെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ എന്‍ഐഎ ശേഖരിക്കും.