മലയാളത്തിന്റെ പ്രിയ താരമായ മഞ്ജു വാര്യര്‍ കുറച്ച് നാളുകള്‍ക്ക് മുന്നേ ടൂ വീലര്‍ ലൈസന്‍സ് സ്വന്തമാക്കിയിരുന്നു. ഇതിന് പിന്നാലെ താരം ബിഎംഡബ്ല്യു അഡ്വഞ്ചര്‍ ബൈക്ക് സ്വന്തമാക്കിയിരുന്നു.
ഇപ്പോഴിത തന്റെ ഡ്രൈവിങ് വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ് മഞ്ജു വാര്യര്‍. മോട്ടോര്‍ വാഹനവകുപ്പ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു നടി.
മോശമില്ലാതെ വണ്ടി ഓടിക്കുമെങ്കിലും തന്നെ ഒറ്റയ്ക്ക് വണ്ടിയുമായി പുറത്തുവിടാന്‍ അമ്മയ്ക്കും സഹോദരനും പേടിയാണെന്നാണ് മഞ്ജു വാര്യര്‍ പറയുന്നത്.
‘വലിയ കുഴപ്പമില്ലാതെ വണ്ടിയോടിക്കുന്ന ഒരാളാണ് ഞാന്‍. പക്ഷെ ഒറ്റയ്ക്ക് വണ്ടിയുമായി വിടാന്‍ അമ്മക്കും ചേട്ടനും പേടിയാണ്. റോഡിലൂടെ വേഗത്തില്‍ പോകുന്ന മറ്റുവാഹനങ്ങളെ ഓര്‍ത്തിട്ടാണ് പേടി. ഓവര്‍ടേക്ക് ചെയ്യണമെന്ന ചിന്ത ഒഴിവാക്കി എല്ലാവരും പതുക്കെ പോകണം,’ മഞ്ജു പറഞ്ഞു.
സാഹസികത ഒട്ടുമില്ലാത്ത ഒരു ബോറിംഗ് റൈഡര്‍ ആണ് താനെന്നും മഞ്ജു പറയുന്നു. അതാണ് നല്ലതെന്നാണ് തന്റെ വിശ്വാസമെന്നും മഞ്ജു കൂട്ടിച്ചേര്‍ത്തു.
അതേസമയം ‘വെള്ളരിക്കപട്ടണ’മാണ് റിലീസിനൊരുങ്ങുന്ന മഞ്ജുവിന്റെ ഏറ്റവും പുതിയ ചിത്രം. സൗബിന് ഷാഹിര്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മഹേഷ് വെട്ടിയാര്‍ ആണ്.
സലിം കുമാര്‍, സുരേഷ് കൃഷ്ണ, കൃഷ്ണശങ്കര്, ശബരീഷ് വര്‍മ, അഭിരാമി ഭാര്ഗവന്, കോട്ടയം രമേശ്, മാല പാര്‍വതി, വീണനായര്‍, പ്രമോദ് വെളിയനാട് തുടങ്ങിയരും അണിനിരക്കുന്ന ചിത്രം മാര്‍ച്ച് 24ന് തിയേറ്ററുകളില്‍ എത്തും.