ചെക്ക് ഗോള്‍ കീപ്പറുമായി കൂട്ടിയിടിച്ചു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് പരുക്ക്

നാഷന്‍സ് ലീഗ് പോരാട്ടത്തില്‍ പോര്‍ച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് പരുക്ക്. ചെക്ക് റിപബ്ലിക്കുമായുള്ള മത്സരത്തിനിടെയാണ് സംഭവം. ചെക്ക് ഗോള്‍കീപ്പര്‍ തോമസ് വാക്ലിക്കുമായി കൂട്ടിയിടിച്ച് ക്രിസ്റ്റിയാനോയുടെ മൂക്കിനാണ് പരുക്കേറ്റത്.

ചെക്ക് പ്രതിരോധത്തെ മറികടന്ന് ഉയര്‍ന്നുചാടി പന്ത് വലയിലാക്കാനുള്ള ശ്രമത്തിനിടെയാണ് അപകടം സംഭവിച്ചത്. മുന്നോട്ട് ചാടിയ തോമസ് വാക്ലിക്കുമായി താരം കൂട്ടിയിടിക്കുകയായിരുന്നു. പന്ത് തട്ടിയകറ്റാനുള്ള വാക്ലിക്കിന്റെ ശ്രമം പാളി ക്രിസ്റ്റ്യാനോയുടെ മൂക്കിലാണ് ഇടിച്ചത്. രക്തം വാര്‍ന്ന് താരം ഗ്രൗണ്ടില്‍ തളര്‍ന്നുവീണു.

ക്രിസ്റ്റ്യാനോയുടെ മുഖത്തുനിന്ന് രക്തം വാര്‍ന്നൊഴുകുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് മത്സരം അല്‍പനേരം നിര്‍ത്തിവച്ചു. ശേഷം പുനരാരംഭിച്ച മത്സരത്തില്‍ പരുക്ക് വകവയ്ക്കാതെ മുഴുസമയം ക്രിസ്റ്റ്യാനോ കളിക്കുകയും ചെയ്തു.