
കൊച്ചിയില്‍ ഡി.ജെ പാര്‍ട്ടിക്ക് ഇടയില്‍ ഒരാളെ കുത്തിക്കൊന്നു. കലൂരിലാണ് സംഭവം. പരിപാടി നിയന്ത്രിച്ച ആളെയാണ് കുത്തിക്കൊന്നത്. തൃപ്പൂണിത്തുറയില്‍ വാടകയ്ക്ക് താമസിക്കുന്ന രാജേഷാണ്(24) മരിച്ചത്.
ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം അരങ്ങേറിയത്. രാത്രി ഒമ്പതുമണിക്ക് ഡി.ജെ പാര്‍ട്ടി അവസാനിച്ചെങ്കിലും പാര്‍ട്ടിയില്‍ പങ്കെടുത്തവരില്‍ ചിലര്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറുകയും സംഘാടകര്‍ ഇതില്‍ ഇടപെടുകയും ചെയ്തിരുന്നു. ശേഷം പതിനൊന്നുമണിയോടെ സംഘമായെത്തിയ അക്രമികള്‍ സംഘാടകര്‍ ആരെന്ന് ചോദിക്കുകയും രാജേഷിനെ കുത്തുകയുമായിരുന്നു.
രാജേഷിന്റെ വയറിലും കൈക്കുമാണ് കുത്തേറ്റത്. കുത്തേറ്റ ഉടന്‍ രാജേഷിനെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്ന് രാവിലെ മരിക്കുകയായിരുന്നു. സംഭവത്തില്‍ പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായും സി.സി.ടി.വി കേന്ദീകരിച്ചുള്ള അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും പൊലീസ് അറിയിച്ചു.