താന്‍ ജോലിചെയ്ത് സമ്പാദിക്കുന്ന പണം മുഴുവന്‍ ഭാര്യ പള്ളിക്ക് ദാനം ചെയ്യുന്നതില്‍ രോഷാകുലനായി യുവാവ് പള്ളിക്ക് തീയിട്ടു. റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലെ പാര്‍ഗോലോവോ ഗ്രാമത്തിലാണ് സംഭവം. ജൂണ്‍ 26നാണ് പള്ളിക്ക് തീയിട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍.
മുപ്പത്താറ് വയസുള്ള യുവാവാണ് പള്ളിക്ക് തീയിട്ടത്. നാല് കുട്ടികളുടെ പിതാവാണ് ഇയാള്‍. ഇയാളുടെ ഭാര്യ പള്ളിവക സന്നദ്ധസേവനത്തില്‍ സജീവമാണ്. കിട്ടുന്ന പണം മുഴുവന്‍ പള്ളിക്ക് സംഭാവന ചെയ്യുകയാണ് അവരുടെ രീതി. രാപകലില്ലാതെ അധ്വാനിച്ച് ഭര്‍ത്താവ് കൊണ്ട് വരുന്ന പണം കുടുംബത്തിന് വേണ്ടി ചിലവഴിക്കാതെ ഭാര്യ പള്ളിയിലേയ്ക്ക് സംഭാവന ചെയ്തുകൊണ്ടിരുന്നു. ഇതാണ് ഭര്‍ത്താവിനെ ചൊടിപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഭാര്യയുമായി ഇയാള്‍ പലവട്ടം വഴക്കിട്ടിരുന്നു. നിരവധി തവണ ഭാര്യയെ വിലക്കിയെങ്കിലും പള്ളിയിലേക്ക് പണം നല്‍കുന്നത് അവര്‍ തുടര്‍ന്നു.
സംഭവ ദിവസവും ഇതേപറ്റി ചൊല്ലി ഇരുവരും വഴക്കിട്ടു. തുടര്‍ന്ന് ദേഷ്യം കൊണ്ട് അന്ധനായ ഇയാള്‍ നേരെ പോയി പള്ളിക്ക് തീയിടുകയായിരുന്നു. പാര്‍ഗോലോവോയിലെ സെന്റ് ബേസില്‍ ദി ഗ്രേറ്റ് പള്ളിക്കാണ് ഇയാള്‍ തീയിട്ടത്. പള്ളിയുടെ മേല്‍ക്കൂരയും ഭിത്തികളും തടി കൊണ്ടാണ് നിര്‍മിച്ചിരുന്നത്. അതുകൊണ്ട് തന്നെ തീ വളരെ വേഗത്തില്‍ പടര്‍ന്നുപിടിച്ചു. സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ ഇടവകക്കാര് ഓടിക്കൂടുകയും, തീ അണക്കുകയും ചെയ്തു. സംഭവത്തില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ കോടതിയില്‍ ഹാജരാക്കുകയും പിന്നീട് വിട്ടയക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍.