ടെറസ് വൃത്തിയാക്കുന്നതിനിടെ സണ്‍ഷേഡില്‍ നിന്ന് കാല് വഴുതി താഴേക്ക് വീണ യുവാവിനെ കൈപിടിയിലൊതുക്കി സഹോദരന്. മലപ്പുറം ഒതളൂരാണ് സംഭവം. കുറുപ്പത് വീട്ടില്‍ സാദിഖാണ് സഹോദരന് ഷഫീഖിനെ രക്ഷപ്പെടുത്തിയത്. അത്ഭുതകരമായ രക്ഷപ്പെടുത്തലിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.
ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നത്. ടെറസില്‍ നിന്ന് താഴേയ്ക്ക് വീഴുന്ന ഷഫീഖിനെ വിഡിയോയില്‍ കാണാം. ഈ സമയം ഹോസില്‍ വെള്ളമൊഴിക്കുകയായിരുന്നു സാദിഖ്, സഹോദരന് വീഴുന്നതുകണ്ട സാദിഖ് ഹോസ് താഴെയിട്ട് ഷഫീഖിനെ പിടിക്കുകയായിരുന്നു. രണ്ട് പേരും നിലത്തേക്ക് വീണുപോയി. അല്പസമയം ഇരുന്ന ശേഷമാണ് സാദിഖ് എഴുന്നേറ്റത്.
സണ്‍ഷേഡ് വൃത്തിയാക്കുമ്പോള്‍ ഈര്‍പ്പമുള്ളതിനാല്‍ വഴുതി വീഴുകയായിരുന്നുവെന്ന് അപകടത്തില്‍പ്പെട്ട ഷഫീഖ് പറയുന്നു. മുറ്റം ഇന്റര്‍ലോക്ക് ചെയ്തതിനാല്‍ താഴെ വീണിരുന്നെങ്കില്‍ അവസ്ഥ മാറുമായിരുന്നു. ചേട്ടന് താഴെ ഉണ്ടായിരുന്നതുകൊണ്ടാണ് രക്ഷപ്പെട്ടതെന്നും ദൈവത്തിന് നന്ദി പറയുന്നതായും ഷഫീഖ് പറഞ്ഞു. വീട്ടിലെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യമാണ് ഇപ്പോള്‍ വൈറലാവുന്നത്.