ദാഹം കൊണ്ടു വലഞ്ഞ നായയ്ക്ക് കൈക്കുമ്പിളില്‍ വെള്ളം നല്‍കി മനുഷ്യന്‍; വൈറലായി വിഡിയോ

ദാഹം കൊണ്ടു വലഞ്ഞ നായയ്ക്ക് കൈക്കുമ്പിളില്‍ വെള്ളം നല്‍കുന്ന ആളുടെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈഖലായി. നായയ്ക്ക് വെള്ളം നല്‍കാന്‍ പാത്രം ലഭിക്കാതെ വന്നതോടെയാണ് കൈക്കുമ്പിളില്‍ വെള്ളം നല്‍കിയത്. പൊതുപൈപ്പില്‍ നിന്ന് വെള്ളം ശേഖരിച്ച ശേഷമാണ് വിഡിയോയിലുള്ള ആള്‍ നായയ്ക്ക് വെള്ളം നല്‍കുന്നത്. നായ കൈയില്‍ നിന്ന് വെള്ളം കുടിക്കുന്നതും വിഡിയോയില്‍ കാണാം.

നായ അങ്ങേയറ്റം ദാഹിച്ച് വലഞ്ഞിരിക്കുകയാണ് എന്ന് അതിന്റെ വെള്ളത്തോടുള്ള പരവേശം കാണുമ്പോള്‍ മനസിലാവും. അയാള്‍ നല്‍കിയ വെള്ളം ആര്‍ത്തിയോടെയാണ് നായ വലിച്ച് കുടിക്കുന്നത്. മനുഷ്യന്‍ വെള്ളം നല്‍കുന്നത് നിര്‍ത്തുമ്പോള്‍ നായ അയാളെ തടയുകയും വീണ്ടും വേണം എന്ന് കാണിക്കാന്‍ ശ്രമിക്കുന്നതും കാണാം.

‘മൃഗ സ്‌നേഹികള്‍ പ്രത്യേകതരം മനുഷ്യരാണ്, ഉദാരമനസ്‌കതയുള്ളവരും, സഹാനുഭൂതി നിറഞ്ഞവരുമാണ് അവര്‍. വൈകാരികതയുള്ളവരും, മേഘങ്ങളില്ലാത്ത ആകാശത്തോളം വലിയ ഹൃദയങ്ങളുള്ളവരുമാണ്’ എന്നാണ് വിഡിയോയ്ക്ക് നല്‍കിയിരിക്കുന്ന കുറിപ്പ്. നിരവധി പേരാണ് വിഡിയോ കാണുകയും ഷെയര്‍ ചെയ്യുകയും ചെയ്തത്.