അയല്‍വാസിയുടെ വളര്‍ത്തുനായ കുരച്ചു; കുപിതനായ യുവാവ് ഉടമയേയും കുടുംബത്തേയും ഇരുമ്പ് വടികൊണ്ട് ആക്രമിച്ചു

അയല്‍വാസിയുടെ വളര്‍ത്തുനായ തന്നെ കണ്ട് കുരച്ചതിനെ തുടര്‍ന്ന് കുപിതനായ യുവാവ് ഉടമയെയും കുടുംബാംഗങ്ങളെയും ആക്രമിച്ചു. ഇരുമ്പ് വടി കൊണ്ടാണ് ഇയാള്‍ ആക്രമിച്ചത്. എന്നിട്ടും ദേഷ്യം തീരാതെ നായയെയും ഇയാള്‍ ഉപദ്രവിച്ചു. ആക്രമണത്തില്‍ മൂന്നു പേര്‍ക്കും സാരമായി പരുക്കേറ്റിട്ടുണ്ട്.

ഡല്‍ഹിയിലെ പശ്ചിം വിഹാര്‍ മേഖലയിലാണ് സംഭവം. ധരംവീര്‍ ദാഹിയ എന്ന യുവാവ് തിങ്കളാഴ്ച പുലര്‍ച്ചെ പ്രഭാതനടത്തത്തിന് ഇറങ്ങിയപ്പോഴാണ് സംഭവം. ദാഹിയയെ കണ്ടപ്പോള്‍ അയല്‍വാസിയായ രക്ഷിതിന്റെ നായ കുരയ്ക്കാന്‍ തുടങ്ങി. നായയുടെ കുര കേട്ട് പ്രകോപിതനായ ദാഹിയ മൃഗത്തിന്റെ വാലില്‍ പിടിച്ച് തള്ളിയിട്ടു. സംഭവം കണ്ട രക്ഷിത് നായയെ രക്ഷിക്കാനെത്തിയപ്പോള്‍ ദാഹിയ നായയെ അടിക്കുകയും കടിക്കുകയും ചെയ്തു. ഇതോടെ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായതായി പൊലീസ് പറഞ്ഞു. തുടര്‍ന്ന് ദാഹിയ രക്ഷിത്തിനെയും കുടുംബത്തിലെ ഒരു സ്ത്രീയെയും ഇരുമ്പ് വടികൊണ്ട് അടിച്ചു. വഴക്ക് തീര്‍ക്കാന്‍ ശ്രമിച്ച അയല്‍വാസിയായ 53കാരനെയും ഇയാള്‍ ആക്രമിച്ചു.

നായയുടെ ഉടമയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തി വസ്തുതകള്‍ പരിശോധിച്ചുവരികയാണ്. ആക്രമണത്തില്‍ പരുക്കേറ്റവര്‍ ചികിത്സയിലാണ്.