24 വര്‍ഷം മുമ്പ് കോഴിക്കോട് ബീച്ചില്‍ വെച്ച് യേശുദാസിനെയും ചിത്രയും കല്ലെറിഞ്ഞ ആള്‍ അറസ്റ്റില്‍, പിന്നാലെ ട്രോളും

24 വര്‍ഷം മുമ്പ് കോഴിക്കോട് ബീച്ചില്‍ വെച്ച് ഗായകരായ യേശുദാസിനെയും ചിത്രയെയും കല്ലെറിഞ്ഞ് ആള്‍ അറസ്റ്റില്‍. ബേപ്പൂര്‍ മാത്തോട്ടം സ്വദേശി പണിക്കര്‍ മഠം എന്‍ വി അസീസ് ആണ് പോലീസ് പിടിയിലായത്. ഇദ്ദേഹത്തിന് 56 വയസ്സാണ്. മലബാര്‍ മഹോത്സവത്തിനിടെയായിരുന്നു ഗായകരെ അസീസ് കല്ലെറിഞ്ഞത്.


1999 ഫെബ്രുവരി 7ന് രാത്രി 9 . 15 ആയിരുന്നു സംഭവം നടക്കുന്നത്. ഗാനമേള നടന്നുകൊണ്ടിരിക്കുന്നതിനിടെ നഴ്‌സ് ഹോസ്റ്റലിനു മുന്‍വശത്ത് നിന്ന് കല്ലെറിഞ്ഞ സംഘത്തില്‍ പിടി കിട്ടേണ്ട ആളായിരുന്നു അസീസ് എന്ന് അന്വേഷണസംഘം വ്യക്തമാക്കി.


മാത്തോട്ടത്തില്‍ നിന്നും മാറി മലപ്പുറം ജില്ലയിലെ മുതുവല്ലൂരില്‍ പുളിക്കല്‍ കുന്നത്ത് വീട്ടില്‍ താമസിക്കുകയായിരുന്നു ഇദ്ദേഹം, ഇതിനിടെയാണ് പോലീസ് പിടിച്ചത്. ഇപ്പോള്‍ പഴക്കച്ചവടം നടത്തികൊണ്ടിരിക്കുകയായിരുന്നു അസീസ്. പരിസരവാസിയാണ് ഇതേക്കുറിച്ച് പോലീസിനെ അറിയിച്ചത്. ആ ദിവസം ഒരു പോലീസ് കാരന്റെ വയര്‍ലന്‍സ് സെറ്റും നഷ്ടപ്പെട്ടു.

അതേസമയം 24 വര്‍ഷം മുമ്പ് നടന്ന കേസിലെ പ്രതിയെ ഇപ്പോള്‍ പിടിച്ചതിന് പിന്നാലെ നിരവധി ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ എത്തുന്നുണ്ട്. ഇനി തൊണ്ടിമുതലായ കല്ല് കണ്ടെടുക്കാന്‍ എത്ര വര്‍ഷം എടുക്കും എന്നാണ് ട്രോളന്‍മാര്‍ ചോദിക്കുന്നത്.