കാമുകിയെ കൊലപ്പെടുത്തി മൃതദേഹം മറവ് ചെയ്ത സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ബിജ്നോര്‍ അഥ്വരിവാല സ്വദേശിയായ പ്രവീണി(21)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബര്‍ഹാപുര്‍ സ്വദേശിനിയായ പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. വിവാഹത്തിന് നിര്‍ബന്ധിച്ചതിനാലാണ് ഇയാള്‍ കാമുകിയെ കൊലപ്പെടുത്തിയതെന്നും മൃതദേഹം മറവ് ചെയ്യാന്‍ ഒരു സുഹൃത്തും ഇയാളെ സഹായിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
ജൂണ്‍ നാലാം തീയതിയാണ് പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ 19കാരിയെ കാണാതായത്. ജൂണ്‍ പതിനാറിനാണ് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്. മകളുടെ കാമുകന് പ്രവീണിനെക്കുറിച്ചും ഇവര്‍ പൊലീസിന് വിവരം നല്‍കിയിരുന്നു. തുടര്‍ന്നാണ് പൊലീസ് യുവാവിനെ ചോദ്യം ചെയ്തത്.
പൊലീസിന്റെ ചോദ്യം ചെയ്യലില്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത് താനാണെന്ന് ഇയാള്‍ സമ്മതിച്ചു. സംഭവ ദിവസം ബൈക്കില്‍ കയറ്റി പെണ്‍കുട്ടിയെ ഒരു ഹോട്ടലില്‍ എത്തിച്ചു. എന്നാല്‍ ഇവിടെവച്ച് പെണ്‍കുട്ടി വിവാഹത്തിന് നിര്‍ബന്ധിച്ചു. തര്‍ക്കം മുറുകുകയും പ്രവീണ്‍ പെണ്‍കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. തുടര്‍ന്ന് സുഹൃത്തിന്റെ സഹായത്തോടെ മൃതദേഹം ഒരു ഓവുചാലിന് സമീപം എത്തിച്ച് കുഴിച്ചിടുകയായിരുന്നു. മൃതദേഹം പൊലീസ് കണ്ടെടുത്തിട്ടുണ്ട്.