കെഎസ്ആർടിസി ബസിൽ നഗ്നതാ പ്രദർശനം; വഴിയിൽ ഇറക്കിവിട്ടയാൾ മറ്റൊരു വാഹനത്തിലെത്തി ബസിന് കല്ലെറിഞ്ഞു

കെഎസ്ആർടിസി ബസിനുള്ളിൽ നഗ്നതാ പ്രദർശനം നടത്തിയതിനെ തുടർന്ന് ഇറക്കിവിട്ടയാൾ
മറ്റൊരു വാഹനത്തിലെത്തി ബസിന് കല്ലെറിഞ്ഞു. തിരുവനന്തപുരം വെള്ളനാട് പഞ്ചായത്ത് മുൻ വാ‍ർഡ് മെമ്പർ മണിക്കുട്ടനാണ് ബസിന് കല്ലെറിഞ്ഞത്.ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

ബസിനകത്ത് വച്ച് മുണ്ടഴിച്ച് കയ്യിൽ പിടിച്ച് ബഹളം ഉണ്ടാക്കിയതിനാണ് മണിക്കുട്ടനെ ഇറക്കിവിട്ടത്. യാത്രക്കാരുടെ പരാതിയെ തുടർന്നായിരുന്നു നടപടി. തൊട്ടുപിന്നാലെ വന്ന ബൈക്കിൽ കയറി ബസിന് സമീപമെത്തിയ മണിക്കുട്ടൻ ബസിന് കല്ലെറിഞ്ഞു. കല്ലേറിൽ കണ്ടക്ടർ അനൂപിന് പരുക്കേറ്റു. ഇയാളെ വെള്ളനാട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വെള്ളനാട് വില്ലേജ് ഓഫീസിന് മുന്നിൽ വച്ചായിരുന്നു അതിക്രമം. വെള്ളനാട് പഞ്ചായത്ത് മുൻ അംഗമായ മണിക്കുട്ടൻ കോൺഗ്രസ് പ്രവർത്തകൻ കൂടിയാണ്. മണിക്കൂട്ടൻ മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു.