സ്വയംഭോഗത്തിനിടെ ശ്വാസകോശത്തിന് ക്ഷതം; 20കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

സ്വയംഭോഗത്തിനിടെ ശ്വാസകോശത്തിന് ക്ഷതമേറ്റ ഇരുപതുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്വിറ്റ്സര്‍ലന്‍ഡിലാണ് സംഭവം. സ്വയംഭോഗം ചെയ്യുന്നതിനിടെ യുവാവിന് ശക്തമായ നെഞ്ചുവേദനയും, ശ്വാസതടസവും അനുഭവപ്പെടുകയായിരുന്നു. ഉടന്‍ തന്നെ ഇയാളെ വിന്റര്‍തൂരിലെ കന്റോണല്‍ ഹോസ്പിറ്റലെത്തിച്ചു. പിന്നാലെ യുവാവിനെ ഐസിയുവില്‍ പ്രവേശിപ്പിച്ചു.

പരിശോധനയില്‍ രോഗിയുടെ മുഖം നീരുവച്ച് വീര്‍ത്തതായി ഡോക്ടര്‍മാര്‍ കണ്ടെത്തി. യുവാവ് ശ്വാസോച്ഛ്വാസം ചെയ്യുമ്പോള്‍, അവ്യക്തമായ ഒരു ശബ്ദവും കേള്‍ക്കാമായിരുന്നു. ഒടുവില്‍ അദ്ദേഹത്തിന്റെ അസുഖം സ്‌പൊണ്ടേനിയസ് ന്യൂമോമെഡിയാസ്റ്റിനം ആണെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. ശ്വാസകോശത്തില്‍ നിന്ന് വായു ചോര്‍ന്ന് വാരിയെല്ലില്‍ പോയി തങ്ങിനില്‍ക്കുന്ന അവസ്ഥയാണ് ഇത്. യുവാവിന്റെ കാര്യത്തില്‍, തങ്ങിനിന്ന വായു ശരീരമാസകലം പരക്കുകയും, തലയോട്ടി വരെ എത്തുകയും ചെയ്തു. മരുന്നുകളും മറ്റും നല്‍കി ഒറ്റരാത്രികൊണ്ട് യുവാവിന്റെ ആരോഗ്യനില മെച്ചപ്പെട്ടു. നെഞ്ചുവേദന തുടര്‍ന്നതോടെ നാലാം ദിവസമാണ് യുവാവിനെ ഡിസ്ചാര്‍ജ് ചെയ്തത്.

സാധാരണയായി ശ്വാസകോശത്തിനോ, അന്നനാളത്തിനോ സംഭവിക്കുന്ന ആഘാതം മൂലം ന്യൂമോമെഡിയാസ്റ്റിനം ഉണ്ടാകാം. എന്നാല്‍ സ്വയംഭോഗവുമായി ബന്ധപ്പെട്ട് ഒരാള്‍ക്ക് ന്യൂമോമെഡിയാസ്റ്റിനം രേഖപ്പെടുത്തുന്നത് ഇതാദ്യമാണ്. മുന്‍പ് ലൈംഗിക ബന്ധത്തിന് ശേഷമോ അല്ലെങ്കില്‍ മയക്കുമരുന്ന് ഉപയോഗിച്ചതിന് ശേഷമോ ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.