റിലീസ് ദിനം മുതല്‍ മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുന്ന മമ്മൂട്ടി ചിത്രമാണ് ഭ്രമയുഗം. രാഹുല്‍ സദാശിവന് സംവിധാനം ചെയ്ത ചിത്രം ബോക്സ് ഓഫീസിലും മികച്ച കളക്ഷനാണ് നേടുന്നത്.
ലോകമെമ്പാടുമുള്ള സിനിമാ പ്രേക്ഷകര്‍ ഈ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രത്തെ ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞുവെന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ചിത്രം റിലീസ് ചെയ്ത 8 ദിവസം കഴിയുമ്പോള്‍ ഭ്രമയുഗം 42 കോടി ക്ലബ്ബില്‍ ഇടം പിടിച്ചിരിക്കുകയാണ്. അടുത്ത രണ്ട് ദിവസം കൊണ്ട് തന്നെ ചിത്രം 50 കോടി ക്ലബ്ബില്‍ ഇടം പിടിക്കുമെന്നാണ് സിനിമ പ്രേമികള്‍ പ്രതീക്ഷിക്കുന്നത്.
ഇതിനിടയില്‍ ഇന്ന് സിനിമയുടെ തെലുങ്ക് പതിപ്പും റിലീസിനെത്തി. അതേസമയം കേരളത്തില്‍നിന്ന് ഇതുവരെയുള്ള ആകെ കലക്ഷന്‍ 17 കോടിയാണ്.
കേരളത്തില്‍നിന്ന് ആദ്യ ദിനം ലഭിച്ചത് 3.05 കോടിയായിരുന്നു. കമേഴ്സ്യല്‍ സിനിമ അല്ലാതിരുന്നിട്ടു കൂടി ‘ഭ്രമയുഗ’ത്തെ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു എന്നതാണ് കലക്ഷന്‍ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
കൊടുമണ്‍ പോറ്റിയുടെ പിന്നിലെ നിഗൂഢതയും അയാളുടെ മാന്ത്രികതയുമാണ് സിനിമയുടെ ഉള്ളടക്കം. പാണനായി എത്തുന്ന അര്ജുന് അശോകനും കൊടുമണ്‍ പോറ്റിയുടെ ജോലിക്കാരനായി വരുന്ന സിദ്ധാര്‍ഥ് ഭരതനും കയ്യടിപ്പിക്കുന്ന പ്രകടനം കാഴ്ച വയ്ക്കുന്നു.
രാഹുല്‍ സദാശിവന്റെ മേക്കിങ് ആണ് സിനിമയുടെ മറ്റൊരു പ്രത്യേകത. അമാല്‍ഡ ലിസ്, മണികണ്ഠന് എന്നിവരാണ് മറ്റു താരങ്ങള്‍.’ഭൂതകാലം’ എന്ന ഹൊറര്‍ ചിത്രത്തിലൂടെ ശ്രദ്ധേയനായ രാഹുല്‍ സദാശിവന് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഭ്രമയുഗം’.
വൈ നോട്ട് സ്റ്റുഡിയോസും നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസും ആദ്യമായി നിര്‍മിക്കുന്ന മലയാള ചിത്രം കൂടിയാണിത്. ഹൊറര്‍ ത്രില്ലര്‍ സിനിമകള്‍ക്കു മാത്രമായി ആരംഭിച്ചിരിക്കുന്ന പ്രൊഡക്ഷന്‍ ഹൗസ് ആണ് നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്.