മമ്മൂട്ടിയുടേയും ദുൽഖറിന്റെയും ഭൂമി ഏറ്റെടുക്കാനുള്ള ഉത്തരവ് തള്ളി മദ്രാസ് ഹൈക്കോടതി

നടന്‍ മമ്മൂട്ടിയുടെയും ദുല്‍ഖര്‍ സല്‍മാന്റെയും ഉടമസ്ഥതയിലുള്ള ചെന്നൈയിലെ സ്ഥലം വനഭൂമിയായി പ്രഖ്യാപിച്ച ഉത്തരവ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി. ചെന്നൈയിലെ ചെങ്കല്‍പ്പെട്ടിലെ 40 ഏക്കര്‍ ഭൂമിയാണ് സംരക്ഷിത വനഭൂമിയായി തമിഴ്‌നാട് ലാന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍ കമ്മിഷന്‍ ഉത്തരവിറക്കിയിരുന്നത്.
ലാന്‍ഡ് അഡ്മിനിസ്‌ട്രേഷന്റെ ഉത്തരവ് പൂര്‍ണമായി റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് ഇളന്തിരിയന്റെ നടപടി.

dqandmammu

കാപാലി പിള്ള എന്നയാളില്‍ നിന്നാണ് 1997 ല്‍ തന്റെയും മകന്റെയും പേരില്‍ മമ്മൂട്ടി ഭൂമി വാങ്ങിക്കുന്നത്. എന്നാല്‍ 2007 ല്‍ ഈ പ്രദേശം തമിഴ്‌നാട് ലാന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍ സംരക്ഷിത വനഭൂമിയായി പ്രഖ്യാപിച്ചു. ഉത്തരവിനെതിരെ അതേ വര്‍ഷം തന്നെ അനുകൂല വിധി ഹൈക്കോടതിയില്‍ നിന്നും മമ്മൂട്ടി നേടിയിരുന്നു.പക്ഷേ കഴിഞ്ഞ വര്‍ഷം മേയില്‍ തമിഴ്‌നാട് ലാന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍ ഭൂമി പിടിച്ചെടുക്കല്‍ നടപടി ആരംഭിച്ചതിനെ തുടര്‍ന്ന് വീണ്ടും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

2021 ആഗസ്റ്റില്‍ കേസ് വീണ്ടും പരിഗണനയില്‍ വന്നപ്പോള്‍ ഭൂമി പിടിച്ചെടുക്കല്‍ നടപടികള്‍ നിര്‍ത്തിവെക്കണമെന്ന നിര്‍ദ്ദേശമാണ് ഹൈക്കോടതി കമ്മീഷന് നല്‍കിയത്. 1947ല്‍ 247 ഏക്കറോളം വരുന്ന പാട്ടഭൂമിയുടെ ഭാഗമായിരുന്നു ഈ സ്ഥലമെന്നും അതിനുശേഷം പലഘട്ടങ്ങളിലും പ്രസ്തുത ഭൂമിയില്‍ ക്രയവിക്രയങ്ങള്‍ നടന്നിട്ടുണ്ടായിരുന്നുവെന്നുമാണ് മമ്മൂട്ടി കോടതിയില്‍ അറിയിച്ചത്.

മമ്മൂട്ടിയുടേയും ദുല്‍ക്കരിന്റെയും വിശദീകരണം കേട്ടതിന് ശേഷം 12 ആഴ്ചകള്‍ക്കുള്ളില്‍ പുതിയ ഉത്തരവ് ഇറക്കണമെന്നും തമിഴ്‌നാട് ലാന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍ കമ്മിഷന് കോടതി നിര്‍ദ്ദേശം നല്‍കി.