കല്പറ്റ: ‘ടച്ച് വെട്ടാന്‍’ തോട്ടിയുമായി പോയ കെഎസ്ഇബി ജീപ്പിന് എഐ ക്യാമറ പിഴ ചുമത്തിയ വാര്‍ത്ത ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിത ജീപ്പിന് പിഴ നോട്ടിസ് അയച്ച എഐ ക്യാമറ കണ്ട്രോള് റൂമിന്റെ ഫ്യൂസ് ഊരിയിരിക്കുകയാണ് കെഎസ്ഇബി. ബില്‍ അടയ്ക്കാത്തതിനെത്തുടര്‍ന്ന് ആണ് കെഎസ്ഇബിയുടെ നടപടി.
കല്പറ്റ കൈനാട്ടിയില്‍ പ്രവര്‍ത്തിക്കുന്ന മോട്ടര്‍ വാഹനവകുപ്പ് എന്‍ഫോഴ്സ്മെന്റ് കണ്ട്രോള് റൂം കെട്ടിടത്തിലേക്കുള്ള വൈദ്യുതിയാണു കഴിഞ്ഞദിവസം ഉച്ചയോടെ കെഎസ്ഇബി വിഛേദിച്ചത്. പതിനാലായിരം രൂപ കുടിശ്ശിക വന്നതോടെയാണ് കെഎസ്ഇബി, മോട്ടര്‍ വാഹനവകുപ്പ് എന്‍ഫോഴ്സ്മെന്റ് കണ്ട്രോള് റൂം കെട്ടിടത്തിലേക്കുള്ള ഫ്യൂസ് ഊരിയത്.
തുടര്‍ന്ന്, ഒന്നര ദിവസത്തോളം വയനാട്ടിലെ 25 എഐ ക്യാമറകളുടെ നിരീക്ഷണം കൃത്യമായി നടന്നില്ല. വകുപ്പ് അധികൃതര്‍ ഇടപെട്ട് ഇന്നലെ രാവിലെ 14,111 രൂപ കുടിശിക അടച്ചശേഷം വൈകിട്ടോടെ വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചു.
അതേസമയം ഈ മാസം 6നാണ് അമ്പലവയല്‍ കെഎസ്ഇബിയുടെ ജീപ്പിന് മോട്ടര്‍ വാഹനവകുപ്പ് 20,500 രൂപ പിഴയിട്ടത്. 17ന് കെഎസ്ഇബിക്ക് നോട്ടിസും ലഭിച്ചു. വൈദ്യുത ലൈനിനോടു ചേര്‍ന്ന മരക്കൊമ്പുകള്‍ നീക്കാനുള്ള ഉപകരണങ്ങളുമായി പോയ ജീപ്പിന്റെ മുകളില്‍ തോട്ടി കെട്ടിവച്ചതിന് 20,000 രൂപയും ഡ്രൈവര്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന് 500 രൂപയുമായിരുന്നു പിഴ.
കെഎസ്ഇബിക്കായി കരാര്‍ അടിസ്ഥാനത്തില്‍ ഓടുന്ന ജീപ്പിന്റെ ഉടമയ്ക്കാണ് ജീപ്പിന്റെ ഫോട്ടോ പതിച്ച നോട്ടിസ് വന്നത്. കാലങ്ങളായി ഇതേ പോലെ ഓടുന്ന വണ്ടിക്ക് പിഴ ഈടാക്കിയതില്‍ കെഎസ്ഇബി ജീവനക്കാര്‍ക്കിടയില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.പിന്നീട് കെഎസ്ഇബി അധികൃതര്‍ ഇടപെട്ടപ്പോള്‍ 20,000 രൂപയുടെ പിഴ ഒഴിവാക്കി. എന്നാല്‍, സീറ്റ് ബെല്‍റ്റ് ഇടാത്തതിനുള്ള 500 രൂപ അടയ്ക്കേണ്ടി വന്നു.