തസ്തികകള്‍ കുറയ്ക്കാന്‍ നീക്കം; ജീവനക്കാരുടെ എണ്ണം ചുരുക്കാന്‍ കെഎസ്ഇബി

ജീവനക്കാരുടെ എണ്ണം കുറയ്ക്കാനൊരുങ്ങി കെഎസ്ഇബി. ശമ്പളച്ചെലവ് അടിയന്തരമായി കുറച്ചില്ലെങ്കില്‍ നിലനില്‍ക്കാനാവില്ലെന്നാണ് ബോര്‍ഡിന്റെ വിലയിരുത്തല്‍. കമ്പ്യൂട്ടര്‍വത്കരണവും, യന്ത്രവത്കരണവും വഴി തസ്തികകള്‍ കുറയ്ക്കാനാണ് കെഎസ്ഇബിയുടെ തീരുമാനം.

കെഎസ്ഇബിയുടെ ചെലവില്‍ 27 ശതമാനവും ശമ്പളം നല്‍കാനാണ് വേണ്ടിവരുന്നത് എന്നാണ് ഡയറക്ടര്‍ ബോര്‍ഡിന്റെ വിലയിരുത്തല്‍. അതുകൊണ്ടുതന്നെ ശമ്പളച്ചെലവ് അടിയന്തരമായി കുറച്ചില്ലെങ്കില്‍ നിലനില്‍ക്കാനാവില്ലെന്നാണ് വിലയിരുത്തല്‍. ഇതിനായി ജീവനക്കാരുടെ തസ്തികകള്‍ വെട്ടിച്ചുരുക്കാനാണ് നീക്കം.

2022-2023 മുതല്‍ 2025-2026 വരെ കുറയ്ക്കാവുന്ന തസ്തികകളുടെ എണ്ണം സംബന്ധിച്ച് രണ്ടുമാസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ ഫിനാന്‍സ് ഡയറക്ടര്‍ അധ്യക്ഷനായ ഡയറക്ടര്‍മാരുടെ ഉപസമിതിയോട് ബോര്‍ഡ് നിര്‍ദേശിച്ചു. പ്രാഥമിക റിപ്പോര്‍ട്ട് ജൂണ്‍ ആറിനകം നല്‍കണം.