വാക്‌സിന്‍ സ്വീകരിച്ചില്ലെങ്കിലും വാക്‌സിന്‍ സ്വീകരിച്ച സര്‍ട്ടിഫിക്കറ്റ് റെഡി; കോഴിക്കോട് വീട്ടമ്മയ്ക്കുണ്ടായ ദുരവസ്ഥ

vaccine

കോഴിക്കോട്: വാക്‌സിന്‍ നല്‍കാതെ തിരിച്ചയച്ച വീട്ടമ്മയുടെ പേരില്‍ ആദ്യ ഡോസ് സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ്. കോഴിക്കോട് തിരുവണ്ണൂരിലെ വീട്ടമ്മയ്ക്കാണ് വാക്‌സിന്‍ സ്വീകരിക്കാതെ ആദ്യ ഡോസ് സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്.

കഴിഞ്ഞ ദിവസമാണ് ഓണ്‍ലൈനായി സ്ലോട്ട് ബുക്ക് ചെയ്ത് വീട്ടമ്മ വിതരണ കേന്ദ്രത്തിലെത്തിയത്. എന്നാല്‍ വാക്‌സിന്‍ നല്‍കാതെ വീട്ടമ്മയെ അധികൃതര്‍ തിരിച്ചയക്കുകയായിരുന്നു. എന്നാല്‍ വൈകിട്ടോടെ വാക്‌സിന്‍ സ്വീകരിച്ചതായി മൊബൈലില്‍ സന്ദേശം വരികയായിരുന്നു.

കോഴിക്കോട് തിരുവണ്ണൂര്‍ സ്വദേശി നദീറക്കാണ് ആദ്യ ഡോസ് ലഭിക്കാതെ സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്. തിരുവണ്ണൂര്‍ സ്വദേശി നദീറയ്ക്ക് കോഴിക്കോട് കോര്‍പ്പറേഷനില്‍ നിന്ന് 55 കിലോമീറ്റര്‍ അകലെ ചങ്ങരോത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് വാക്‌സിന്‍ സ്ലോട്ട് ലഭിച്ചത്.

വാക്‌സിന്‍ സ്വീകരിക്കാനായി ഇവര്‍ ഇവിടെ എത്തിയപ്പോള്‍ അധികൃതര്‍ ആദ്യ ഡോസ് നിഷേധിക്കുകയായിരുന്നു. വൈകിട്ടോടെ ആദ്യഡോസ് സ്വീകരിച്ചുവെന്ന സര്‍ട്ടിഫിക്കറ്റും ലഭിച്ചു. അതേസമയം വാക്‌സിന്‍ നിഷേധിച്ച സംഭവത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് വീട്ടമ്മ പരാതി നല്‍കിയിട്ടുണ്ട്.

അതേസമയം കേരളത്തില്‍ കോവിഡ് ഉയരുന്ന പശ്ചാത്തലത്തില്‍ കര്‍ണാടകയും തമിഴ്‌നാടും അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കി. 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍.ടി.പി.സി ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമാണ് അതിര്‍ത്തി കടത്തി വിടുന്നത്. രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവരെ പോലും അതിര്‍ത്തി കടക്കാന്‍ അനുവദിക്കില്ല.

എന്നാല്‍ കര്‍ണാടകയില്‍ പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്. തമിഴ്‌നാടും കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി. 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ പരിശോധന ഫലം ഉണ്ടെങ്കിലെ കേരളത്തില്‍ നിന്ന് വരുന്നവര്‍ക്ക് പ്രവേശനമുള്ളൂവെന്ന് തമിഴ്‌നാട് അറിയിച്ചു. നിയന്ത്രണം ഈ മാസം അഞ്ച് മുതല്‍ പ്രാബല്യത്തില്‍ വരും.