ശിക്ഷിച്ചത് വേണ്ടത്ര തെളിവുകളില്ലാതെ; ഹൈക്കോടതിയെ സമീപിച്ച് കിരണ്‍ കുമാര്‍

കൊല്ലം വിസ്മയ കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതി കിരണ്‍ കുമാര്‍ ഹൈക്കോടതിയെ സമീപിച്ചു. വേണ്ടത്ര തെളിവുകളില്ലാതെയാണ് ശിക്ഷിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് കിരണ്‍ കുമാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചത്.

കേസില്‍ കിരണ്‍ കുമാറിന് പത്ത് വര്‍ഷം കഠിന തടവാണ് വിചാരണക്കോടതി വിധിച്ചത്. പന്ത്രണ്ടര ലക്ഷം രൂപ പിഴ ഒടുക്കണമെന്നും വിചാരണക്കോടതി വിധിച്ചിരുന്നു. വിവിധ വകുപ്പുകളിലായി 25 വര്‍ഷം തടവ് പ്രതിക്ക് കോടതി വിധിച്ചെങ്കിലും ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്നും ഉത്തരവിലുണ്ടായിരുന്നു. ഇതിനെതിരെയാണ് കിരണ്‍ കുമാര്‍ ഹൈക്കോടതിയെ സമീപിച്ചത്. അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു.

ഭര്‍തൃ പീഡനത്തെ തുടര്‍ന്നാണ് വിസ്മയ 2021 ജൂണില്‍ ഭര്‍തൃ വീട്ടില്‍ തൂങ്ങിമരിച്ചത്. ഭര്‍ത്താവിന്റെ പീഡനം കാരണമാണ് വിസ്മയ ആത്മഹത്യ ചെയ്തതെന്ന് തുടക്കം മുതല്‍ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്. 100 പവന്‍ സ്വര്‍ണവും ഒന്നേ കാല്‍ ഏക്കര്‍ ഭൂമിയും ഒപ്പം 10 ലക്ഷം രൂപ വിലവരുന്ന കാറും മകള്‍ക്കൊപ്പം സ്ത്രീധനമായി നല്‍കിയാണ് വിസ്മയയെ കിരണ്‍ കുമാറിന് വിവാഹം ചെയ്ത് നല്‍കിയത്. വിവാഹ ശേഷം സ്ത്രീധനമായി ലഭിച്ച കാറിനെ ചൊല്ലി കിരണ്‍ കുമാര്‍ വിസ്മയയെ ശാരീരികമായി ഉപദ്രവിച്ചു തുടങ്ങി. തനിക്ക് ഇഷ്ടപ്പെട്ടാത്ത കാറാണ് വിസ്മമയയുടെ വീട്ടുകാര്‍ നല്‍കിയതെന്ന് കുറ്റപ്പെടുത്തിയുളള ഫോണ്‍ സംഭാഷണം അടക്കം പുറത്ത് വന്നിരുന്നു. കിരണ്‍ കുമാറിന്റെ ശാരീരിക, മാനസിക പീഡനം സഹിക്കവയ്യാതെയാണ് വിസ്മയ ജീവനൊടുക്കിയതെന്ന് കണ്ടെത്തിയിരുന്നു.