കഴിഞ്ഞ ദിവസമാണ് ‘പപ്പടം’ വാര്‍ത്തകളില്‍ നിറയുന്നത്. ആലപ്പുഴയിലെ ഒരു വിവാഹ സദ്യയില്‍ പപ്പടത്തെ ചൊല്ലിയുണ്ടായ തര്‍ക്കം കൈവിട്ടു പോകുകയും വന്‍ തല്ല് നടക്കുകയും ചെയ്തു. തമ്മില്‍ തല്ലില്‍ മൂന്ന് പേര്‍ക്കാണ് പരുക്കേറ്റത്. അങ്ങനെ പപ്പടവും പത്രത്താളുകളില്‍ പ്രധാനവാര്‍ത്തയായി. ഇപ്പോഴിതാ പപ്പടത്തെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തതിനൊപ്പം കേരള പൊലീസും ഏറ്റെടുത്തിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ കേരള പൊലീസ് ഇത്തവണ ട്രാഫിക് ബോധവത്ക്കരണത്തിലാണ് പപ്പടത്തെ ഉള്‍പ്പെടുത്തിയത്.
കേരള പൊലീസ് ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെ, ‘നിരത്തുകളില്‍ ഒന്ന് ക്ഷമിക്കുമെങ്കില് … വിവേകപൂര്‍വം ചിന്തിക്കുമെങ്കില്‍ പത്രത്താളുകളില്‍ ചിത്രമടക്കം ചരിത്രമാകാതിരിക്കാന് നമുക്ക് കഴിയും’ . കൂടെ പപ്പടത്തിന്റെ ചിത്രവും നല്‍കിയിട്ടുണ്ട്. ഇതിന് താഴെ നിരവധി പേരാണ് കമന്റുമായി എത്തിയത്. ആലപ്പുഴക്കാര്ക്കിട്ടുള്ള താങ്ങാണോ എന്നാണ് പലരും ചോദിച്ചത്. ‘വന്ന് വന്ന് പൊലീസുകാര്‍ വരെ ട്രോളി തുടങ്ങിയെന്നും ആലപ്പുഴയുടെ ഒരു അവസ്ഥയേ’ എന്നുമാണ് ഒരാളുടെ കമന്റ്. അതിനിടെ ഇത് പൂരിയാണോ പപ്പടമാണോ എന്ന് കമന്റിട്ട ഒരാള്‍ക്ക് ഒന്ന് സൂക്ഷിച്ച് നോക്കിക്കേ എന്ന് പൊലീസ് തന്നെ മറുപടി നല്കി. കേരള പൊലീസിന്റെ പോസ്റ്റ് എന്തായാലും വൈറലായിട്ടുണ്ട്.
ആലപ്പുഴയില്‍ കഴിഞ്ഞ ദിവസമാണ് സദ്യക്കിടെ തല്ല് നടന്നത്. വരന്റെ സുഹൃത്തുക്കളില്‍ ചിലര്‍ ഭക്ഷണം കഴിക്കുന്നതിനിടെ വീണ്ടും പപ്പടം ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് തര്‍ക്കമുണ്ടാവുകയും കൂട്ടത്തല്ലില്‍ കലാശിക്കുകയുമായിരുന്നുവെന്നുമാണ് പൊലീസ് പറഞ്ഞത്. ഓഡിറ്റോറിയത്തിലെ കസേരകളും മേശകളും ഉപയോഗിച്ചായിരുന്നു തമ്മിലടിച്ചത്. പരുക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.