‘പൊയ്മുഖങ്ങളുമായി സമീപിക്കുന്നവര്‍ ഉദ്ദേശ ശുദ്ധിയുള്ളവരായിരിക്കില്ല’; മുന്നറിയിപ്പുമായി കേരള പൊലീസ്

ബലാത്സംഗക്കേസില്‍ ടിക് ടോക് താരം അറസ്റ്റിലായത് വാര്‍ത്തയായിരുന്നു. തിരുവനന്തപുരം സ്വദേശി വിനീതായിരുന്നു അറസ്റ്റിലായത്. ഫില്‍ട്ടര്‍ ചെയ്ത് രൂപമാറ്റം വരുത്തിയുള്ള വിഡിയോകളായിരുന്നു ഇയാള്‍ പങ്കുവച്ചിരുന്നത്. ഇയാളുടെ മീശയായിരുന്നു ഹൈലൈറ്റ്. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട് മുന്നറിയിപ്പ് നല്‍കുകയാണ് കേരള പൊലീസ്.


‘സോഷ്യല്‍ മീഡിയയിലെ പൊയ്മുഖങ്ങളെ തിരിച്ചറിയാനുള്ള ജാഗ്രത നമുക്കോരോരുത്തര്‍ക്കും ഉണ്ടാകണം. അപരിചിതമായതോ കൃതിമമാണെന്ന് തോന്നുന്നതോ ആയ പ്രൊഫൈലുകളില്‍ നിന്നുവരുന്ന സൗഹൃദ ക്ഷണം കഴിവതും സ്വീകരിക്കരുത്. സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട സുഹൃത്തുക്കളുമായി അടുത്തിടപഴകുന്നത് അവരുടെ വ്യക്തിത്വവും സ്വഭാവവും വ്യക്തമായി മനസിലാക്കിയ ശേഷമാകണം. ഓര്‍ക്കുക പൊയ്മുഖങ്ങളുമായി നിങ്ങളെ സമീപിക്കുന്നവര്‍ ഒരിക്കലും ഉദ്ദേശ ശുദ്ധിയുള്ളവരായിരിക്കില്ല’, കേരള പൊലീസ് തങ്ങളുടെ ഫേസ്ബുക്കില്‍ കുറിച്ചു.

ടിക് ടോക് ചെയ്യുന്നതിന്റെ ടിപ്സുകള്‍ പഠിപ്പിക്കാമെന്ന് പറഞ്ഞ് സമൂഹമാധ്യമത്തിലൂടെ ബന്ധം സ്ഥാപിച്ച ശേഷമായിരുന്നു വിനീത് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഇതിന് ശേഷം വിഡിയോ കോള്‍ ചെയ്യുകയും പെണ്‍കുട്ടി അറിയാതെ അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു. ഇവ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി തമ്പാനൂരിലെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തിയായിരുന്നു പീഡനം.ടിക് ടോക് വിഡിയോ ചെയ്യുന്ന വിനീതിന്റെ സമൂഹ മാധ്യമ അക്കൗണ്ടുകള്‍ നിരവധി പേര്‍ പിന്തുടരുന്നുണ്ട്. ഒട്ടേറെ പെണ്‍കുട്ടികളുമായി ഇയാള്‍ ചാറ്റ് ചെയ്തതിന്റെ തെളിവുകള്‍ പ്രതിയുടെ ഫോണില്‍ നിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.