2024 ലോക്സഭ തിരഞ്ഞെടുപ്പിനുള്ള ഒരുക്കം സജീവമാക്കിയിരിക്കുകയാണ് കേരളത്തിലെ പാർട്ടികൾ എല്ലാം. സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വം മുമ്പെ തന്നെ ചില തയ്യാറെടുപ്പുകൾ ചെയ്യുന്നുണ്ട്.2019 ല്‍ നഷ്ടമായ ആലപ്പുഴ അടക്കം പിടിച്ചെടുത്ത് ഇരുപതില്‍ ഇരുപതും തികയ്ക്കാനാണ് പാർട്ടിയുടെ ശ്രമം. പല സിറ്റിങ് എംപിമാരും മത്സരത്തില്‍ നിന്ന് പിന്മാറാന് ശ്രമിച്ചെങ്കിലും കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന് ഒഴികെയുള്ള എല്ലാ സിറ്റിങ് എംപിമാരും മത്സരിച്ചേക്കാനാണ് സാധ്യത.കെസി വേണുഗോപാല്‍ ആലപ്പുഴയില്‍ നിന്ന് മത്സരിച്ചേക്കുമെന്ന അഭ്യഹം ഉണ്ടായിരുന്നെങ്കിലും ഇതിനും സാധ്യതയില്ല. സുധാകരന് മാറി നില്ക്കുകയാണെങ്കില് കണ്ണൂരില്‍ ആര് എന്ന ചോദ്യവും കോണ്‍ഗ്രസില്‍ സജീവമാണ്. കെ ജയന്ത്, എം ലിജു, കോർപ്പറേഷൻ മേയർ ടി ഒ മോഹനൻ എന്നിവരുടെ പേരുകള്‍ക്കാണ് മുന്‍തൂക്കം. മുല്ലപ്പള്ളി രാമചന്ദ്രന്റെ പേര് ഒരുകൂട്ടർ ഉയർത്തുന്നുണ്ടെങ്കിലും അദ്ദേഹം മത്സരിക്കാന്‍ തയ്യാറായേക്കില്ലെന്നാണ് സൂചന.
അതെ സമയം കെ പി സി സി ജനറൽ സെക്രട്ടറിയും സുധാകരന്റെ വിശ്വസ്തനുമാണ് കെ ജയന്ത്. എം ലിജുവിനെ കണ്ണൂർ കൊണ്ടു വരുന്നതിനേക്കാള്‍ നല്ലത് ആലപ്പുഴയില്‍ മത്സരിപ്പിക്കുന്നതാണ് നല്ലതെന്ന അഭിപ്രായവും പാർട്ടിയില്‍ ശക്തമാണ്. റിജില്‍ മാക്കുറ്റിയുടെ പേരും കണ്ണൂരിലേക്ക് പരിഗണിക്കപ്പെടുന്നവരുടെ പട്ടികയിലുണ്ട്. ലിജുവിന് പുറമെ ആലപ്പുഴയില്‍ ഉയർന്ന് കേള്‍ക്കുന്ന മറ്റൊരു പേര് കഴിഞ്ഞ തവണ പരാജയപ്പെട്ട ഷാനിമോള്‍ ഉസ്മാന്റേതാണ്.കണ്ണൂരില്‍ കെകെ ശൈലജ ടീച്ചറെപ്പോലെയുള്ള ശക്തരായ നേതാക്കളെ സി പി എം രംഗത്തിറക്കാന്‍ സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ വടകരയില്‍ നിന്നും മാറി കെ മുരളീധരന് കണ്ണൂരില്‍ മത്സരിക്കേണ്ടി വരുമെന്ന സൂചനയുമുണ്ട്. ആ സാഹചര്യത്തില്‍ വടകരയില്‍ കെ ജയന്ത്, പ്രവീണ്‍ കുമാർ എന്നിവർക്ക് സാധ്യതയേറും.
മറ്റൊന്ന്,ലീഗിന് മൂന്നാമതൊരു സീറ്റിന് അർഹതയുണ്ട് കെ മുരളീധരനും വ്യക്തമാക്കി കഴിഞ്ഞു. എന്നാല്‍ പതിവ് പോലെ ഇത്തവണയും ലീഗിന്റെ ആവശ്യം നിരാകരിക്കപ്പെട്ടേക്കും. മൂന്ന് ടേം തികച്ച സിറ്റിംഗ് എംപിമാർ മാറിനിൽക്കണമെന്ന ആവശ്യവും കോണ്‍ഗ്രസില്‍ ശക്തമാണ്. എന്നാല്‍ ശശി തരൂരിന് തിരുവനന്തപുരത്ത് മൂന്നാമതും അവസരം ലഭിച്ചേക്കും.