കരുണ്‍ നായര്‍ ക്യാച്ച് കൈവിട്ടു; യുസ്‌വേന്ദ്ര ചഹലിന് നഷ്ടപ്പെട്ടത് ഹാട്രിക്

സഹതാരം ക്യാച്ച് കൈവിട്ടതോടെ രാജസ്ഥാന്‍ റോയല്‍സ് സ്പിന്നര്‍ യുസ്‌വേന്ദ്ര ചഹലിന് നഷ്ടപ്പെട്ടത് ഹാട്രിക്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിനെതിരെയുള്ള മത്സരത്തിനിടെയാണ് സംഭവം.

പതിനാറാം ഓവര്‍ ചെയ്യാനത്തെിയ ചഹല്‍ ആദ്യ രണ്ടു പന്തുകളിലായി ടിം ഡേവിഡിനെയും ഡാനിയല്‍ സാംസിനെയും പുറത്താക്കി. തൊട്ടടുത്ത ഏറില്‍ മുരുകന്‍ അശ്വിന്റെ ബാറ്റില്‍ കൊണ്ട പന്ത് ഫസ്റ്റ് സ്ലിപ്പില്‍ നിന്ന മലയാളി താരം കരുണ്‍ നായരുടെ കയ്യില്‍ തട്ടിപ്പോകുകയായിരുന്നു. വളരെ എളുപ്പത്തില്‍ കയ്യിലൊതുക്കാവുന്ന ക്യാച്ച് കരുണ്‍ നഷ്ടപ്പെടുത്തിയപ്പോള്‍ ചഹലിന്റെ മുഖത്ത് നിരാശ നിറഞ്ഞത് വിഡിയോകളില്‍ കാണാമായിരുന്നു. അത്യാഹ്ലാദത്തോടെ ചാടി വന്ന താരം ക്യാച്ച് വിട്ടത് കണ്ടതോടെ പെട്ടെന്ന് നിരാശനായി.

ആലപ്പുഴ ചെങ്ങന്നൂര്‍ നിവാസികളായ കലാധരന്‍ നായര്‍, പ്രേമ നായര്‍ എന്നിവരുടെ മകനായി രാജസ്ഥാനിലെ ജോദ്പൂരിലാണ് കരുണ്‍ നായര്‍ ജനിച്ചത്. രഞ്ജി ട്രോഫിയില്‍ കര്‍ണാടകക്കായി കളിക്കുന്ന താരം 2016 ല്‍ ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റില്‍ ദേശീയ ടീമില്‍ അരങ്ങേറ്റം നടത്തിയിരുന്നു. 2016ല്‍ സിംബാവെക്കെതിരെയാണ് ആദ്യ ഏകദിനം കളിച്ചത്.