മമ്മൂട്ടി ആരാധകർ വൻ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കണ്ണൂർ സ്ക്വാഡ്. മമ്മൂട്ടിയുടെ പിറന്നാൾ ദിനത്തിൽ ആരാധകരെ ആവേശം കൊള്ളിച്ച് ചിത്രത്തിന്റെ ട്രൈലെർ പുറത്ത് വിട്ടിരിക്കുകയാണ്.
ആരാധകരുടെ ആവേശം വാനോളം ഉയർത്തുന്ന ട്രൈലെർ ആണ് പുറത്ത് വിട്ടിരിക്കുന്നത്.മമ്മൂട്ടി പൊലീസ് വേഷത്തിലെത്തുന്ന ചിത്രം ഒരു റിയലിസ്റ്റിക് ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ആണെന്ന് സൂചന തരുന്നതാണ് പുറത്തെത്തിയ ട്രെയ്ലര്.
മമ്മൂട്ടിയെ നായകനാക്കി നവാഗതനായ റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്യുന്ന ചിത്രം, മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി തന്നെയാണ് നിർമ്മിക്കുന്നത്. മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന നാലാമത്തെ ചിത്രമാണ് ഇത്.
ചിത്രത്തിന്റെ കഥ എഴുതിയിരിക്കുന്നത് ഷാഫിയാണ്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതു ഷാഫിയോടോപ്പം റോണി ഡേവിഡും ചേർന്നാണ്. എസ് ജോർജ് ആണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്.
മമ്മൂട്ടിയ്ക്കൊപ്പം കിഷോർകുമാർ, വിജയരാഘവൻ, അസീസ് നെടുമങ്ങാട്, ശബരീഷ്, റോണി ഡേവിഡ്, മനോജ് കെ യു, അർജുൻ രാധാകൃഷ്ണൻ, ദീപക് പരമ്പോല്‍, ധ്രുവൻ, ഷെബിൻ ബെൻസൺ, ശ്രീകുമാർ തുടങ്ങി നിരവധി താരങ്ങൾ അണിനിരക്കുന്ന ചിത്രം തിയറ്ററുകളിലേക്ക് ഉടനെത്തും.
മുഹമ്മദ് റാഹിൽ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകരുന്നത് സുഷിൻ ശ്യാമാണ്. എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത് പ്രവീൺ പ്രഭാകർ.