മമ്മൂട്ടി ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതിയ ചിത്രമാണ് കണ്ണൂർ സ്ക്വാഡ്. നവാഗതനായ റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്യുന്ന ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾക്ക് കാഴ്ചക്കാർ ഏറെയാണ്.
ഇപ്പോഴിതാ സിനിമക്കായ് കാത്തിരിക്കുന്ന ആരാധകർക്ക് സന്തോഷം നൽകുന്ന റിപ്പോർട്ട് ആണ് എത്തുന്നത്.
ഷാരുഖ് ഖാൻ ചിത്രമായ ജവാൻ സിനിമയുടെ റിലീസ് ദിനത്തിൽ കണ്ണൂർ സ്ക്വാഡ് ട്രൈലെർ തിയേറ്ററിൽ റിലീസ് ചെയ്യും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
മമ്മൂട്ടിയുടെ പിറന്നാൾ കൂടിയാണ് സെപ്റ്റംബർ 7. അതേസമയം സെപ്റ്റംബർ 28ന് ‘കണ്ണൂർ സ്ക്വാഡ്’ റിലീസ് ചെയ്യുമെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.
കേരളത്തിൽ മാത്രം 300 സ്ക്രീനുകളിൽ ചിത്രം പ്രദർശനത്തിന് എത്തുമെന്നും വിവരമുണ്ട്. മുഹമ്മദ് ഷാഫിയുടേതാണ് ചിത്രത്തിന്റെ കഥ. അദ്ദേഹത്തോടൊപ്പം തിരക്കഥ ഒരുക്കിയിരിക്കുന്നത് നടന് റോണി ഡേവിഡ് രാജ് ആണ്.
നൻപകൽ നേരത്ത് മയക്കം, റോഷാക്ക്, കാതൽ എന്നീ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി കമ്പനി നിർമിക്കുന്ന ചിത്രം കൂടിയാണിത്. വേഫെറര്‍ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്. അമിത് ചക്കാലയ്ക്കൽ, ഷറഫുദ്ദീൻ, അസീസ് നെടുമങ്ങാട് എന്നിവരാണ് മമ്മൂട്ടിക്കൊപ്പം പ്രധാന വേഷത്തിൽ എത്തുന്നവർ.