മെഗാസ്റ്റാർ മമ്മൂട്ടി നായകയായി എത്തിയ പുതിയ ചിത്രമാണ് കണ്ണൂർ സ്‌ക്വാഡ്. പോലീസ് ക്രൈം ഇൻവെസ്റ്റിഗഷൻ കഥ പറയുന്ന ചിത്രം മികച്ച പ്രതികരണം നേടി പ്രദർശനം തുടരുകയാണ്.
ബോക്സ് ഓഫീസിൽ കുതിപ്പ് നടത്തുകയാണ് ചിത്രം. ചിത്രം വിജയം ആയി മാറുമ്പോൾ, മമ്മൂട്ടിക്ക് ഈ സിനിമ ഒരു കടം വീട്ടൽ കൂടിയാണ്.
1989ൽ പുറത്തിറങ്ങിയ മമ്മൂട്ടിയുടെ മഹായാനം എന്ന ചിത്രം നിർമിച്ച സി.ടി. രാജന്റെ മക്കളാണ് ഈ സിനിമയുടെ സംവിധായകനായ റോബിയും തിരക്കഥാകൃത്തായ റോണിയും.
ജോഷി സംവിധാനം ചെയ്ത മഹായാനം അന്ന് നിരൂപക പ്രശംസ നേടി മമ്മൂട്ടിക്ക് സംസ്ഥാന അവാർഡ് നേടി കൊടുത്ത ചിത്രമായിരുന്നു.
എന്നാൽ ബോക്സ് ഓഫിസിൽ ശ്രദ്ധനേടാനായില്ല. നിർമാതാവിന് സാമ്പത്തികമായി വലിയ നഷ്ടവും സംഭവിച്ചു.
കടക്കെണിയിൽ പെട്ട് അവസാനം ഇദ്ദേഹത്തിന് സിനിമ നിർമ്മാണം തന്നെ ഉപേക്ഷിക്കേണ്ടി വന്നു .
വർഷങ്ങൾക്കിപ്പുറം അതേ നിർമ്മാതാവിന്റെ മൂത്ത മകൻ സംവിധാനം ചെയ്യുകയും ഇളയമകൻ തിരക്കഥയെഴുതി അഭിനയിക്കുകയും ചെയ്യുന്ന ചിത്രം സ്വന്തമായി നിർമിച്ച് ആ പഴയ കടം വീട്ടിയിരിക്കുകയാണ് മെഗാസ്റ്റാർ മമ്മൂട്ടി.
സംവിധായകനായ റോബി രാജിന്റെ ഭാര്യ ഡോ. അഞ്ജു മേരിയാണ് ഈ അപൂർവ കാര്യം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. മക്കളായ റോണിക്കും റോബിക്കുമൊപ്പമുള്ള അച്ഛന്റെ ചിത്രം പങ്കുവച്ചായിരുന്നു അഞ്ജുവിന്റെ കുറിപ്പ്.
‘‘ഈ ചിത്രം പോസ്റ്റ് ചെയ്യാനായതിൽ ഒരുപാട് സന്തോഷം. ഒത്തിരി സ്നേഹവും സമ്മിശ്ര വികാരങ്ങളും. 1989ൽ മമ്മൂട്ടി നായകനായ ‘മഹായാനം’ എന്ന ചിത്രം നിർമിച്ചത് പപ്പയാണ്. സിനിമ നിരൂപക പ്രശംസ നേടിയെങ്കിലും, അത് അദ്ദേഹത്തിന് വലിയ സാമ്പത്തിക നഷ്ടം വരുത്തി, ഒടുവിൽ നിർമാണം തന്നെ ഉപേക്ഷിക്കേണ്ടി വന്നു. എന്നാൽ അദ്ദേഹത്തിന്റെ സിനിമകളോടുള്ള ഇഷ്ടം അടുത്ത തലമുറ നന്നായി മുന്നോട്ടു കൊണ്ടുപോയി. 34 വർഷങ്ങൾക്ക് ശേഷം അദ്ദേഹത്തിന്റെ മൂത്ത മകൻ റോണി തിരക്കഥയെഴുതി, ഇളയവൻ റോബി സംവിധാനം ചെയ്തത് അതേ മെഗാസ്റ്റാർ മമ്മൂട്ടിയെ വച്ച്!! ജീവിതവൃത്തം പൂർത്തിയാവുന്നു.’’– ഡോ. അഞ്ജു മേരി പോൾ കുറിച്ചു.