താരസംഘടനയായ ‘അമ്മ’ ക്ലബാണെന്ന ഇടവേള ബാബുവിന്റെ പ്രസ്താവനക്കെതിരെ കെ.ബി ഗണേഷ് കുമാര്‍ എംഎല്‍എ. ‘അമ്മ’ രജിസ്റ്റര്‍ ചെയ്ത ചാരിറ്റബിള്‍ ട്രസ്റ്റാണ്. ‘അമ്മ’ അസോസിയേഷനെ ജനറല്‍ സെക്രട്ടറി തന്നെ തരംതാഴ്ത്തി. അമ്മ ക്ലബ്ബാണോ എന്ന് മോഹന്‍ലാല്‍ വ്യക്തമാക്കണമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
യുവനടിയുടെ പരാതിയിലെ ആരോപണ വിധേയന് എട്ട് ക്ലബുകളിലെ അംഗമാണ്. അവിടെയൊന്നും നടപടിയില്ല എന്നാണ് താരസംഘടന പറയുന്നത്. അത്തരത്തിലൊരു നിലപാട് ആര്‍ക്ക് വേണ്ടിയാണെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
ബലാത്സംഗക്കേസില്‍ പ്രതിയായ നടന് വിജയ് ബാബുവിനെ പുറത്താക്കാനാകില്ലെന്ന് ‘അമ്മ’ ഇന്നലെ വ്യക്തമാക്കിയിരുന്നു. കോടതി വിധി വരുംമുന്പ് എടുത്തുചാടി തീരുമാനമെടുക്കാനാകില്ല. വിജയ് ബാബു അംഗമായ മറ്റ് ക്ലബുകള്‍ പോലെ ‘അമ്മ’ ഒരു ക്ലബ് മാത്രമാണെന്നും ഇടവേള ബാബു പറഞ്ഞിരുന്നു. ഇതാണ് വിവാദമായിരിക്കുന്നത്.