പിതാവിന് തെരുവ് നായയുടെ കടിയേറ്റെന്ന് നുണക്കഥ പ്രചരിപ്പിച്ച യുവാവിനെതിരെ പരാതി. തൃശൂര്‍ പുതുക്കാട് വരന്തരപ്പിള്ളി സ്വദേശിയാണ് അച്ഛനെ തെരുവുനായ കടിച്ചെന്നും മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണെന്നും നുണ പറഞ്ഞത്. യുവാവിനെതിരെ പ്രാദേശിക മാധ്യമപ്രവര്‍ത്തകരാണ് വരന്തരപ്പിള്ളി പൊലീസില്‍ പരാതി നല്‍കിയത്.
വീട്ടുകാരുമായി വഴക്കിട്ടതിനെത്തുടര്‍ന്ന് ജോലിക്ക് പോകാതിരിക്കാന്‍ വേണ്ടിയാണ് യുവാവ് നുണ പറഞ്ഞത്. തിങ്കളാഴ്ച രാവിലെ എട്ടിന് തൊഴിലുടമയെ വിളിച്ച് പിതാവിന് നായയുടെ കടിയേറ്റെന്ന് പറഞ്ഞു. വിവരമറിഞ്ഞ് വിളിച്ച പ്രാദേശിക ചാനല്‍ പ്രതിനിധികളോടും ഇയാള്‍ സംഭവം വിശദീകരിച്ചു. തുടര്‍ന്ന് ചാനലുകളില്‍ വാര്‍ത്ത നല്കി. ഇതോടെ വിവരം വിളിച്ചു തിരക്കിയ നാട്ടുകാരോടും ബന്ധുക്കളോടും യുവാവ് നുണ ആവര്‍ത്തിച്ചു.
പിന്നാലെ പഞ്ചായത്ത് അധികൃതരും മാധ്യമപ്രവര്‍ത്തകരും വീട്ടിലെത്തിയപ്പോളാണ് യുവാവിന്റെ മാതാപിതാക്കളും സംഭവം അറിയുന്നത്. നേരത്തേ യുവാവിന്റെ പിതാവിന് നായയുടെ കടിയേറ്റിരുന്നു. ഇതാണ് നുണക്കഥയ്ക്ക് വേണ്ടി യുവാവ് ഉപയോഗിച്ചത്. തെരുവ് നായ ആക്രമണം മാധ്യമങ്ങളില്‍ നിറഞ്ഞു നില്ക്കുന്നതിനാല് അവധി ലഭിക്കാന്‍ ആ ഉപായം പ്രയോഗിക്കുകയായിരുന്നു.