അവരവര്‍ക്ക് വേണ്ടി നില്‍ക്കാനായി മക്കളെ പഠിപ്പിക്കുക, വിസ്മയ കേസിനെ കുറിച്ച് ജ്യുവല്‍ മേരി

വിസ്മയ കേസിലെ വിധി ഇന്ന് വരാനിരിക്കെ മറ്റൊരു വോയിസ് ക്ലിപ്പ് കൂടി പുറത്തുവന്നിരിക്കുകയാണ്. ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നുള്ള പീഡനം സഹിക്കവയ്യാതെ കരഞ്ഞുകൊണ്ട് വിസ്മയ അച്ഛനെ വിളിച്ച് സംസാരിക്കുന്ന സംഭാഷണമാണ് ഇപ്പോള്‍ പുറത്തുവന്നത്. തനിക്ക് ഇവിടെ നില്‍ക്കാന്‍ കഴിയില്ലെന്നും പേടിയാണെന്നും ഒക്കെ വിസ്മയ ഇതില്‍ പറയുന്നത് കേള്‍ക്കാം. ഇതിന് അച്ഛന്‍ കൊടുക്കുന്ന മറുപടിയും ഇതില്‍നിന്ന് വ്യക്തമാണ്.

വിസ്മയയുടെ സംഭാഷണം പുറത്തുവന്നതിന് പിന്നാലെയായി നിരവധി പേരാണ് ഇതേക്കുറിച്ച് പ്രതികരിച്ചെത്തിയിട്ടുള്ളത്. അഭിനേത്രിയും അവതാരകയുമായ ജ്യുവല്‍ മേരിയും കുറിപ്പുമായെത്തിയിരുന്നു. എനിക്ക് ഇനി ഇവിടെ നിക്കാന്‍ പറ്റത്തില്ല അച്ഛാ എന്നുള്ള ആ പെണ്‍കുട്ടിയുടെ നിലവിളി. ഇതാണ് മോളെ ജീവിതം ദേഷ്യം വരുമ്പോ ചെയ്യുന്നതല്ല , എല്ലാരും ഇങ്ങനെ ഒക്കെ ആണ്. എന്ന് മുതലാണ് ഏത് പ്രായം മുതലാണ് നമ്മള്‍ നമ്മുടെ പെണ്മക്കളെ അറവു മാടുകളെ ആയി കാണാന്‍ തുടങ്ങുന്നത്. ഈ കുഞ്ഞിനെ തന്നെ അല്ലെ അവളുടെ കുടുംബത്തില്‍ ഒരുക്കിയും പഠിപ്പിച്ചും സ്‌നേഹിച്ചും വളര്‍ത്തി കൊണ്ട് വന്നത്. ഒരിക്കല്‍ ഒരുത്തന്റെ കൈ പിടിച്ച ഏല്‍പ്പിച്ചാല്‍ പിന്നെ അവള്‍ മകള്‍ അല്ലാതെ ആവുന്നുവോ?


ചെറിയ അടികള്‍ ഒക്കെ എല്ലായിടത്തും ഉണ്ട് അതൊക്കെ നോര്‍മല്‍ ആണ് ഈ അടുത്ത എന്റെ കുടുംബത്തില്‍ തന്നെ കേട്ട ഒരു വാദം ആണ് ഇത്. ഒരു അടിയും നോര്‍മല്‍ അല്ല. പ്രിയപ്പെട്ട ഒരു സുഹൃത് അടുത്ത ദിവസം അങ്ങേ അറ്റം വേദനയോടും വെപ്രാളത്തോടും വിളിച്ചു പറഞ്ഞു തന്റെ അസ്വസ്ഥത കണ്ടിട്ട് ഭര്‍ത്താവ് നിര്‍ദേശിച്ച പരിഹാരം തലക്കും മുഖത്തും നാല് അടി കിട്ടുമ്പോ മാറിക്കോളും എന്ന്. ഇതിനെക്കാളും ഭീകരമാണ് ഓരോ ദിവസവും അനുഭവിക്കുന്ന മാനസിക പീഡനം.


ഒരു കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ അതില്‍ നമുക്ക് പറയാനാവുക എന്നെ ഈ വ്യക്തി നിരന്തരം മാനസികമായി പീഡിപ്പിച്ചു ആത്മഹത്യയുടെ വക്കില്‍ എത്തിച്ചു. എന്നാല്‍ ഒരാള്‍ അനുഭവിക്കുന്ന മാനസിക പീഡനത്തിന്റെ അളവ് നോക്കാന്‍ എന്ത് സ്‌കെയില്‍ ആണ് നിയമത്തില്‍ ഉള്ളത്. മരിച്ചിട്ടു നീതി കിട്ടിയത് എന്ത് കാര്യം. നിങ്ങളുടെ പെണ്മക്കളെ കൊല്ലാന്‍ വിടാതെ ജീവിക്കാന്‍ ഇനിയെങ്കിലും പഠിക്കു പെണ്ണുങ്ങളെ. പ്രിയപ്പെട്ട അച്ഛനമ്മമാര്‍ക്ക്, ഒരടിയും നിസാരമല്ല. നിങ്ങളുടെ പെണ്മക്കളാണ് ! ജീവിതം അങ്ങനെ അല്ല. ഡൊമസ്റ്റിക് വയലന്‍സ് ലഘൂകരിക്കുന്നത് നിര്‍ത്തുക. അവരവര്‍ക്ക് വേണ്ടി നില്‍ക്കാനായി മക്കളെ പഠിപ്പിക്കുക എന്നുമായിരുന്നു ജ്യുവല്‍ മേരി കുറിച്ചത്.