
സ്വന്തം കഴിവിലൂടെയും കഠിനാധ്വാനത്തിലൂടെയും മലയാള സിനിമയില്‍ വലിയൊരു സ്ഥാനം നേടിയെടുത്ത നടനാണ് ജയസൂര്യ. തന്റെ കയ്യില്‍ ഏത് കഥാപാത്രവും സേഫ് ആണെന്ന് ഇതിനോടകം ഈ താരം തെളിയിച്ചു കഴിഞ്ഞു. മിമിക്രി വേദിയിലൂടെ ആയിരുന്നു ജയസൂര്യയുടെ തുടക്കം, പിന്നീട് അവതാരകനായും അതിലൂടെ നായകനായും ജയസൂര്യ എത്തി. നടന്റെ അഭിനയം കാണുമ്പോള്‍ ആരും ഒന്ന് എഴുനേറ്റ് നിന്ന് കൈയ്യടിച്ചു പോകും. അത്രയ്ക്കും ഗംഭീരമായിട്ടാണ് തനിക്ക് കിട്ടുന്ന ഓരോ റോളും ജയസൂര്യ അവതരിപ്പിക്കുന്നത്.
നടന്‍ പൃഥ്വിരാജിനൊപ്പവും ഇന്ദ്രജിത്തിനൊപ്പവും എല്ലാം നിരവധി സിനിമയില്‍ ജയസൂര്യ എത്തിയിരുന്നു. ഏകദേശം ഒരേ സമയത്ത് തന്നെയാണ് ഈ മൂന്നുപേരും സിനിമയിലെത്തുന്നത്. അതുകൊണ്ടുതന്നെ തുടക്കത്തില്‍ തുടങ്ങിയ ഇവരുടെ സൗഹൃദം ഇപ്പോഴും തുടരുന്നു. ഇപ്പോള്‍ പൃഥ്വിരാജിനെ ആദ്യമായി കണ്ടതിനെ കുറിച്ചാണ് ജയസൂര്യ പറയുന്നത്.
‘ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍ ഷൂട്ടിങ് നടക്കുന്ന സമയത്ത് ഞാനും ഇന്ദ്രനും ഒരു റൂമിലാണ്. ഇന്നെന്റെ ബ്രദര്‍ വരുമെന്ന് അവന്‍ പറഞ്ഞു. രാത്രി ഒരു മണിക്കോ രണ്ട് മണിക്കോ മറ്റോ ആണ് ഞാന്‍ രാജുവിനെ ആദ്യമായി കാണുന്നത്. ഡോര്‍ തുറന്ന് ഒരുത്തന്‍ ഇങ്ങനെ വന്ന് നില്‍ക്കുകയാണ്” എന്നാണ് പൃഥ്വിരാജുമായുള്ള ആദ്യ കൂടിക്കാഴ്ചയെക്കുറിച്ച് ജയസൂര്യ പറയുന്നത്.
ഇവരൊക്കെ നല്ല കുടുംബത്തിലുള്ള പിള്ളേരല്ലേ. ബെഡില്‍ കിടന്നോ ഞാന്‍ നിലത്ത് കിടന്നോളാമെന്ന് പറഞ്ഞുവെന്നും ജയസൂര്യ ഓര്‍ക്കുന്നുണ്ട്. അന്ന് രാത്രി ഞാന്‍ രാജുവിന് കാണാന്‍ വേണ്ടി മിമിക്രി ചെയ്തു. ആ ദിവസം കുറെ നേരം കഴിഞ്ഞിട്ടാണ് ഞങ്ങള്‍ ഉറങ്ങിയത്. അന്ന് തൊട്ട് തുടങ്ങിയ സൗഹൃദമാണ് താനും പൃഥ്വിയും ഇന്ദ്രനും തമ്മിലുള്ളതെന്നാണ് ജയസൂര്യ പറയുന്നത്.