ജാക്വലിൻ ഫെർണാണ്ടസിന് മാത്രം നൽകിയത് കോടിക്കണക്കിന് രൂപയുടെ സമ്മാനങ്ങൾ: ഇഡിക്ക് മുന്നിൽ എല്ലാം തുറന്ന് പറഞ്ഞ് സുകേഷ് ചന്ദ്രശേഖർ

പ്രത്യേകിച്ച് വിശേഷ ദിവസങ്ങൾ ഒന്നുമില്ലെങ്കിലും പ്രണയിക്കുന്നവരും സുഹൃത്തുക്കളുമൊക്കെ പരസ്പരം സമ്മാനങ്ങൾ കൈമാറുക സാധാരണയാണ്. ബോളിവുഡ് നടി ജാക്വലിൻ ഫെർണാണ്ടസിന് മലയാളിയും വ്യവസായിയുമായ സുകേഷ് ചന്ദ്രശേഖർ നൽകിയ കോടിക്കണക്കിന് രൂപയുടെ വിലമതിക്കുന്ന സമ്മാനങ്ങളെ കുറിച്ചുള്ള ചർച്ചകൾ ചൂടുപിടിക്കുകയാണിപ്പോൾ. പക്ഷേ ജാക്വലിന് മാത്രമല്ല, സുകേഷിന്റെ വക വിലമതിപ്പുള്ള ഉപഹാരങ്ങൾ കിട്ടിയത്. സുകേഷ് ചന്ദ്രശേഖർ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന് നൽകിയ മൊഴിയിലാണ് ബോളിവുഡിനെ ഞെട്ടിച്ചുകൊണ്ടുള്ള പുതിയ വെളിപ്പെടുത്തൽ.

 

സുകേഷ് അത്തരം വിലമതിക്കാനാകാത്ത സമ്മാനങ്ങൾ അയച്ചത് ജാക്വലിന് മാത്രമായിരുന്നില്ല. ബോളിവുഡിന്റെ ഗ്ലാമർ കണ്ട് മയങ്ങിയ സുകേഷ് ചന്ദ്രശേഖർ നിരവധി നടിമാരെ ലക്ഷ്യമിട്ടിരുന്നു, അവരിൽ ചിലർ അറിയപ്പെടുന്ന എ-ലിസ്റ്റുകാരാണ്. തന്റെ അജ്ഞാതത്വം ഉറപ്പാക്കാനും വ്യക്തിത്വം സംരക്ഷിക്കാനും സുകേഷ് വ്യത്യസ്ത പേരുകളിലാണ് ഈ ആഡംബര സമ്മാനങ്ങൾ അയച്ചിരുന്നത്. എന്നാൽ ഈ നടിമാരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

 

സുകേഷ് ചന്ദ്രശേഖർ തനിക്ക് രണ്ട് ജോഡി ഡയമണ്ട് കമ്മലുകൾ, രണ്ട് ഹെർമിസ് വളകൾ, മൂന്ന് ബിർക്കിൻ ബാഗുകൾ, ഒരു ജോടി ലൂയിസ് വിറ്റൺ ഷൂസ് എന്നിവ നൽകിയതായി ജാക്വലിൻ ഫെർണാണ്ടസ് കഴിഞ്ഞ ആഴ്ച ഇഡിക്ക് നൽകിയ മൊഴിയിൽ വെളിപ്പെടുത്തിയിരുന്നു.

അതിനിടെ, ജാക്വലിൻ ഫെർണാണ്ടസുമായി സൗഹൃദം സ്ഥാപിക്കാൻ സുകേഷിൽ നിന്ന് കോടിക്കണക്കിന് രൂപ പ്രതിഫലം വാങ്ങിയ പിങ്കി ഇറാനി എന്ന സ്ത്രീയെ ഇഡി ചോദ്യം ചെയ്തു വരികയാണ്.